TS Chandran on SSI

പ്രവാസി മലയാളികള്‍ക്ക് സംരംഭം തുടങ്ങാം, 10 നിര്‍ദേശങ്ങള്‍ (രണ്ടാം ഭാഗം)

Business

2. ചെലവ് കുറഞ്ഞ നിക്ഷേപത്തില്‍ ആരംഭിക്കുക

ഒരു സംരംഭം ആരംഭിക്കുമ്പോള്‍ പ്രത്യേകിച്ചു സ്വയം തൊഴില്‍ കണ്ടെത്താനായി ആരംഭിക്കുന്ന സംരംഭം ചെലവ് കുറഞ്ഞതാക്കുക. വലിയ വ്യവസായശാലകളെ കുറിച്ച് ചിന്തിക്കരുത്. ചെലവ് കുറഞ്ഞ സംരംഭങ്ങള്‍ ആരംഭിച്ചാലുള്ള ഗുണങ്ങള്‍ നിരവധിയാണ്.

ചെറിയ മുടക്കുമുതല്‍ അഥവാ ചെറിയ നിക്ഷേപം എപ്പോഴും സംരംഭകന് ടെന്‍ഷനുണ്ടാക്കില്ല. മാനസിക സമ്മര്‍ദ്ദം കുറയ്ക്കും.

ഉല്‍പാദനത്തിനനുസരിച്ചു വിപണി കണ്ടെത്താന്‍ എളുപ്പമായിരിക്കും.

ക്രെഡിറ്റ് വില്‍പന നിയന്ത്രിക്കാന്‍ സാധിക്കും.

മിക്കവാറും സംരംഭകന്‍ തന്നെ നേരിട്ടു വില്‍പന നടത്തുന്നതിനാല്‍ അല്ലെങ്കില്‍ സേവനം നല്‍കുന്നതിനാല്‍ മെച്ചപ്പെട്ട ലാഭ വിഹിതം നേടാനാകും.

പരിസ്ഥിതി സൗഹൃദ, കുടില്‍ വ്യവസായമായി രൂപപ്പെടുത്താന്‍ സാധിക്കും.

ഉല്‍പാദന ചെലവ് കുറക്കാന്‍ കഴിയും.

കൊളാട്ടറല്‍ സെക്യൂരിറ്റി ഇല്ലാതെ തന്നെ ചെറിയ വായ്പകള്‍ ബാങ്കുകള്‍ അനുവദിക്കും.

വിപണന സാധ്യതകള്‍ അനുസരിച്ചു ഉല്‍പാദനം വര്‍ധിപ്പിക്കുവാന്‍ കഴിയും.

തുടക്കത്തില്‍ സംരംഭകര്‍ തന്നെയാവും തൊഴിലാളികള്‍. എന്നാല്‍ സ്ഥാപനം വളരുന്നതിനനുസരിച്ചു തൊഴിലാളികളെ നിയമിച്ചു സംരംഭവുമായി മുന്നേറാന്‍ സാധിക്കും.

3. ലാഭമാകണം ലക്ഷ്യം

സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നത് ചെറിയ മുതല്‍ മുടക്കിലായിരിക്കണം. എങ്കിലും അതിന്റെ ലക്ഷ്യംലാഭം തന്നെയായിരിക്കണം. മറിച്ചുള്ള ചിന്തയ്ക്കു സംരംഭക മേഖലയില്‍ പ്രസക്തിയില്ല. കാരണം സ്ഥാപനത്തിന്റെ നിലനില്‍പ്പിനും വിജയത്തിനും ലാഭം കൂടിയേ തീരൂ. സ്ഥാപനത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും വികസിപ്പിക്കുന്നതിനും ലാഭം വേണം. സംരംഭകന്റെ വേതനമാണ് ലാഭം. ഇതാണു പുനര്‍നിക്ഷേപമായി രൂപപ്പെടുന്നത്. ലാഭമുണ്ടാക്കുന്ന സംരംഭങ്ങളെ മാത്രമേ ധനകാര്യ സ്ഥാപനങ്ങളും ഇതര സ്ഥാപനങ്ങളും അംഗീകരിക്കൂ.

4. വായ്പ അത്യാവശ്യത്തിനു മാത്രം

ഒരു സംരംഭം ആരംഭിക്കുമ്പോള്‍ ആകെ വേണ്ടി വരുന്ന നിക്ഷേപം എത്രയാണെന്നു കണക്കാക്കണം.

ഉദ്ദേശിക്കുന്ന രീതിയില്‍ സംരംഭം ആരംഭിക്കാന്‍ എത്ര രൂപ വേണ്ടി വരും ? സ്ഥിര നിക്ഷേപമായി എത്ര രൂപയുടെ കുറഞ്ഞ മുതല്‍ മുടക്ക് വേണ്ടി വരും ? കെട്ടിടം, മെഷിനറികള്‍, ഇലക്ട്രിക് സാമഗ്രികള്‍, ഉപകരണങ്ങള്‍ എന്നിവയ്ക്കു മിനിമം എത്ര രൂപ വേണ്ടി വരും ? ടെക്‌നോളജി കൊണ്ടുവരാന്‍ വേണ്ടി വരുന്ന നിക്ഷേപം എത്രയാണ് ? പ്രവര്‍ത്തന മൂലധനമായി എത്ര രൂപ ആവശ്യമുണ്ട് ?

ഇത്തരത്തിലുള്ള കാര്യങ്ങള്‍ മനസിലുണ്ടായിരിക്കണം.

സംരംഭം ആരംഭിക്കുമ്പോള്‍ പരമാവധി തുക സംരംഭകന്റെ വിഹിതമായി കൊണ്ടു വരാന്‍ ശ്രമിക്കണം. ബാക്കി തുക മാത്രമേ ബാങ്ക് വായ്പയായി എടുക്കാവൂ. റിസര്‍വ് ബാങ്ക് നിര്‍ദേശമനുസരിച്ചു സ്ഥിര നിക്ഷേപത്തിന് (ഭൂമിയൊഴികേ) 80 ശതമാനം വരെയും, ആവര്‍ത്തന ചെലവുകള്‍ക്ക് 60 ശതമാനം വരെയും ബാങ്ക് വായ്പ ലഭിക്കുന്നതാണ്. (സ്‌കീം ലോണുകള്‍ക്ക് വ്യത്യാസം വരും). പക്ഷേ, തുടക്കത്തിലേ ബാങ്ക് ബാധ്യതകള്‍ കുറച്ചു കൊണ്ടുവരാനാണു സംരംഭകര്‍ ശ്രമിക്കേണ്ടത്.
അതുപോലെ തന്നെ, സര്‍ക്കാര്‍ സബ്‌സിഡികള്‍ പ്രതീക്ഷിച്ചും അമിതമായി വായ്പകള്‍ എടുക്കരുത്. സ്വയം തൊഴില്‍ സംരംഭങ്ങളില്‍ വായ്പ എടുക്കുന്ന സമയവും പ്രവര്‍ത്തനം ആരംഭിക്കുന്ന സമയവും തമ്മിലുള്ള ദൈര്‍ഘ്യം ആറ് മാസത്തില്‍ അധികരിക്കാതെ ശ്രദ്ധിക്കുകയും വേണം. വായ്പയ്ക്കു സര്‍ക്കാര്‍ സബ്‌സിഡി ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ പുതുസംരംഭകര്‍ക്ക് അതു വലിയ ആശ്വാസമായിരിക്കും.

5. നിക്ഷേപം നടത്തേണ്ടത് നിയമങ്ങള്‍ അറിഞ്ഞു വേണം

നിലവിലെ നിയമങ്ങള്‍ നന്നായി അറിഞ്ഞു വേണം സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കേണ്ടത്. നെല്‍വയലുകള്‍, പരിസ്ഥിതി ലോല പ്രദേശങ്ങള്‍, തീരദേശ പരിധിയിലെ സ്ഥലങ്ങള്‍, ടൗണ്‍ പ്ലാനിംഗ് വകുപ്പ് റിസര്‍വ് ചെയ്തിരിക്കുന്ന സ്ഥലങ്ങള്‍ എന്നിവയില്‍ സംരംഭങ്ങള്‍ പ്ലാന്‍ ചെയ്യരുത്.

തുടരും….

Summary: TS Chandran suggest 10 points.

Share this