Column by TS Chandran

പ്രവാസി മലയാളികള്‍ക്ക് സംരംഭം തുടങ്ങാം, 10 നിര്‍ദേശങ്ങള്‍ (മൂന്നാം ഭാഗം)

Business
  1. ലൈസന്‍സുകള്‍ക്കും അനുമതികള്‍ക്കും പുതിയ സൗകര്യങ്ങള്‍

പ്രവാസികള്‍ ഉപയോഗപ്പെടുത്തണം ഈ സൗകര്യങ്ങള്‍.

മുന്‍കൂര്‍ ലൈസന്‍സ് ഇല്ലാതെ തന്നെ സംരംഭങ്ങള്‍ തുടങ്ങുന്നതിന് ഇപ്പോള്‍ അനുമതി ലഭിക്കുന്നതാണ്. റെഡ് കാറ്റഗറിയില്‍ വരാത്തതും 10 കോടിയില്‍ താഴെ നിക്ഷേപം വരുന്നതുമായ സംരംഭങ്ങള്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. മൂന്ന് വര്‍ഷത്തിനു ശേഷം ആറ് മാസത്തിനുള്ളില്‍ ഈ ലൈസന്‍സുകള്‍ എടുത്താല്‍ മതി.

5 എച്ച്പി വരെ പവര്‍ ഉപയോഗിക്കുന്ന നാനോ ഹൗസ് ഹോള്‍ഡ് സംരംഭങ്ങളെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സില്‍നിന്നും പൂര്‍ണമായും ഒഴിവാക്കി കൊണ്ട് lsgd ഉത്തരവായിട്ടുണ്ട്.

30 ദിവസത്തിനുള്ളില്‍ അനുമതി ലഭിക്കാത്തവിധം ലൈസന്‍സിംഗ് സംവിധാനം ലഘൂകരിച്ചിട്ടുണ്ട്. kswift എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഇത്.

സ്റ്റോപ്പ് മെമ്മോയ്ക്ക് നിയന്ത്രണം, dmo യുടെ അനുമതി മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കു മാത്രം, ലൈസന്‍സുകള്‍ക്കു 5 വര്‍ഷത്തെ കാലാവധി, പൊതു അപേക്ഷാ ഫോറം, സംയുക്ത പരിശോധനകള്‍ തുടങ്ങിയ സൗകര്യങ്ങളും ഇപ്പോള്‍ ഉണ്ട്.

ബന്ധപ്പെട്ട ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍നിന്നും നേരിട്ട് ഈ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കൈത്താങ്ങ് സഹായവും ലഭിക്കും.

  1. വീടുകളെ പരീക്ഷണശാലകള്‍ ആക്കുക

സംരംഭത്തിന്റെ തുടക്കം വീടുകളില്‍നിന്ന് ആകട്ടെ. നാട്ടിലെത്തുന്ന പ്രവാസികള്‍ വലിയ കെട്ടിടങ്ങള്‍ അന്വേഷിച്ചു നടക്കാതെ പരമാവധി ഭവനങ്ങളില്‍ തന്നെ സംരംഭങ്ങള്‍ തുടങ്ങുക. പരീക്ഷണശാലയാക്കുക. ഒരു വീട്ടില്‍ ഒരു വ്യവസായം എന്നത് കാലഘട്ടത്തിന് അനുയോജ്യമായ മുദ്രാവാക്യമാണ്. എല്ലാ സംരംഭങ്ങളും ഭവനങ്ങളില്‍ തന്നെ തുടങ്ങാന്‍ കഴിയണമെന്നില്ല. എന്നാലും പരമാവധി അങ്ങനെ ചെയ്യാന്‍ ശ്രമിക്കണം. ഭയാശങ്കകള്‍ ലഘൂകരിക്കുവാന്‍ ഇതുകൊണ്ടു സാധിക്കും.
വീട്ടിലെ അടിസ്ഥാനസൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്താം. കാര്‍ഷിക ഭക്ഷ്യസംസ്‌കരണ സംരംഭങ്ങള്‍, ഗാര്‍മെന്റ് യൂണിറ്റുകള്‍, മത്സ്യകൃഷി, മത്സ്യമാംസ സംസ്‌കരണം, ലൈത് എന്‍ഞ്ചിനീയറിംഗ്, പേപ്പര്‍, ജൂട്ട് അധിഷ്ഠിത സംരംഭങ്ങള്‍, ഫാമുകള്‍, വാടക കേന്ദ്രങ്ങള്‍, ലോണ്‍ട്രി സര്‍വീസുകള്‍, ഫര്‍ണീച്ചറുകള്‍ എന്നിവ എല്ലാം തന്നെ വീടുകളില്‍ നിര്‍മിച്ച് വിപണനം ചെയ്യാന്‍ കഴിയും. സംരംഭത്തിന്റെ പുരോഗതിക്ക് അനുസരിച്ച് ഫാക്ടറികളിലേക്കു മാറ്റി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം.

  1. വിപണിക്ക് അതിര്‍ വരമ്പുകള്‍ ഉണ്ടാക്കരുത്

ഒരു സ്ഥാപനത്തിന്റെ വളര്‍ച്ച അതിന്റെ വിപണിയെ ആശ്രയിച്ചാണിരിക്കുന്നത് എന്നറിയാമല്ലോ. എത്രമാത്രം കൂടുതല്‍ ഏരിയാകള്‍ കവര്‍ ചെയ്യാന്‍ കഴിയുമോ അത്രമാത്രം ഉപയോഗപ്പെടുത്തണം. ഇതിന് പല ടെക്‌നിക്കുകളും ഉപയോഗിക്കാം. വിതരണക്കാര്‍ വഴിയും, ഓണ്‍ലൈന്‍ വഴിയും ഉല്‍പന്നങ്ങള്‍ വില്‍ക്കാം. ഓണ്‍ലൈന്‍ മേഖല അതിവേഗം വളര്‍ന്ന് വരികയാണ്. ഈ സൗകര്യം ഉപയോഗപ്പെടുത്തണം. കയറ്റുമതിക്കുള്ള നടപടികള്‍ ഇപ്പോള്‍ ലളിതമാണ്. നേരിട്ട് ഇതിന് കഴിയാത്ത അവസ്ഥ ഉണ്ടെങ്കില്‍ ഔട്ട്‌സോഴ്‌സ് ചെയ്യുന്ന രീതികളും പരിശോധിക്കാവുന്നതാണ്. വിപണനത്തിനു പുതിയ പുതിയ മേഖലകള്‍ കണ്ടെത്തുമ്പോഴാണു സ്ഥാപനം വളരുന്നത്. ഇവിടെ പരിധികള്‍ നിശ്ചയിക്കുവാന്‍ പാടില്ല.

  1. മെഷിനറി, ഉപകരണങ്ങള്‍: ജാഗ്രത വേണം

സംരംഭത്തിന് ആവശ്യമായ മെഷിനറിയും ഉപകരണങ്ങളും വാങ്ങുമ്പോള്‍ വലിയ ജാഗ്രത കാണിക്കണം. ഡല്‍ഹി ആസ്ഥാനമായുള്ള ഒരു കമ്പനി പരസ്യം ചെയ്തത് ഞങ്ങള്‍ പേപ്പര്‍ പ്ലേറ്റ് നിര്‍മിക്കുന്ന മെഷിനറികളും അസംസ്‌കൃത വസ്തുക്കളും സപ്ലൈ ചെയ്യും. ഉല്‍പന്നം ഞങ്ങള്‍ തിരിച്ചെടുക്കും എന്നാണ്.
ഇത് പ്രകാരം പണം അടച്ച ഏതാനും സംരംഭകര്‍ ആപ്പിലായി. ഉല്‍പന്നം തിരിച്ചെടുത്തില്ലെന്നു മാത്രമല്ല, മെഷിനറി നന്നായി പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നുമില്ല.
പിന്നീട് ഇവരുമായി ബന്ധപ്പെടാനും സാധിച്ചില്ല. ഇങ്ങനെ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

നമ്മുടെ സംരംഭത്തിന് അനുയോജ്യമായ മെഷിനറികള്‍ തെരഞ്ഞെടുക്കണം.

മൂന്നോ അതില്‍ കൂടുതലോ മെഷിനറി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവയുടെ പ്രവര്‍ത്തനം, വില്പനാനന്തര സേവനം, വില എന്നിവ വിലയിരുത്തി വേണം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍.

ഇത്തരം മെഷിനറികള്‍ സപ്ലൈ ചെയ്തിരിക്കുന്ന യൂണിറ്റുകളുടെ പ്രവര്‍ത്തനം നേരിട്ടു കാണുവാന്‍ മെഷിനറി സപ്ലൈറോട് ആവശ്യപ്പെടാവുന്നതാണ്.

വലിയ തുകകള്‍ അഡ്വാന്‍സായി നല്‍കരുത്.

മെഷിനറിയുടെ ക്വട്ടേഷന്‍ വില കൂടുതല്‍ കാണിച്ച് വായ്പയ്ക്കു അപേക്ഷിക്കുന്നവരുണ്ട്. അത് വലിയ നഷ്ടം മാത്രമേ അപേക്ഷകന് ഉണ്ടാക്കുകയുള്ളൂ.

മെഷിനറിയുടെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഇന്‍സ്റ്റലേഷന്‍ ട്രയല്‍ റണ്‍ എന്നിവ കൂടി ക്വട്ടേഷനില്‍ ഉള്‍പ്പെടുത്തണം.

  1. വൈവിധ്യവത്കരണം കൊണ്ടുവരാന്‍ ശ്രമിക്കണം.

എക്കാലത്തും ഒരുപോലെ ശോഭിക്കുന്ന സംരംഭങ്ങള്‍ ഉണ്ടാകണമെന്നില്ല. ഒരു സംരംഭം തുടങ്ങി കഴിഞ്ഞാല്‍ വിപണിയിലെ മാറ്റത്തിനനുസരിച്ച് പുതിയ ഉല്‍പന്നങ്ങളെ കുറിച്ചു ചിന്തിക്കണം. സ്ഥാപനം വിപുലീകരിക്കുന്നതിനും ആധുനികവത്കരിക്കുന്നതിനും വൈവിധ്യവത്കരിക്കുന്നതിനും വലിയ പരിഗണന നല്‍കണം. ഉല്‍പാദന, വിതരണ, വിപണന രീതികള്‍ എല്ലാം തന്നെ കാലഘട്ടത്തിന് അനുസരിച്ചു മാറണം. ഇതിനു സംരംഭകര്‍ തയാറാകണം. ഇതിനു ദേശീയ അന്തര്‍ദേശീയ പ്രദര്‍ശന പരിപാടികളില്‍ പങ്കെടുക്കുന്നത് വലിയ ഗുണം ചെയ്യും. ഇതിനായി കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡി ആനുകൂല്യം പോലും ലഭ്യമാണ്. സര്‍ക്കാരിന്റേയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ നിയന്ത്രണത്തിലുള്ള വ്യവസായ പാര്‍ക്കുകള്‍, ഷെഡുകള്‍ എന്നിവയില്‍ സംരംഭം മാറ്റാന്‍ കഴിഞ്ഞാല്‍ അത് വലിയ ഗുണകരമായിരിക്കും.

കേരളത്തില്‍ മാറിയ സാഹചര്യത്തില്‍ സൂക്ഷ്മ-ചെറുകിട വ്യവസായരംഗത്ത് മികച്ച അവസരങ്ങളാണുള്ളത്. തിരിച്ചെത്തുന്ന മലയാളികള്‍ ഇക്കാര്യങ്ങള്‍ മനസില്‍ വച്ചുകൊണ്ടു വേണം സംരംഭങ്ങള്‍ പ്ലാന്‍ ചെയ്യാന്‍. തന്റെ മനസിലുള്ള ആശയത്തിന് ബിസിനസ് സാധ്യതയുണ്ടോ എന്നു പരീക്ഷിക്കുന്നതിനു ടെക്‌നോളജി ഇന്‍കുബേഷന്‍ സെന്ററുകളുടെ സഹായവും തേടാവുന്നതാണ്. പ്രവാസികളുടെ സമ്പാദ്യവും, മനസും സംരംഭ വികസനത്തിന് കൂടി പര്യാപ്തമാവട്ടെ.

(അവസാനിച്ചു)

Summary: 10 suggestions from T.S.Chandran for Entrepreneurs.

Share this