Sajna shaji biriyani

ലോക്ക്ഡൗണ്‍ സജ്‌നയെന്ന ട്രാന്‍സ് ജെന്‍ഡറെ നല്ലൊരു പാചകക്കാരിയാക്കി

Feature

കൊച്ചി: നമ്മളില്‍ പലര്‍ക്കും ലോക്ക്ഡൗണ്‍ നിരവധി ദുരിതങ്ങളാണു സമ്മാനിച്ചത്. പക്ഷേ, സജ്‌ന ഷാജിയെന്ന ട്രാന്‍സ് ജെന്‍ഡറെ ലോണ്‍ഡൗണ്‍ ദുരിതം നല്ലൊരു പാചകക്കാരിയും ബിസിനസുകാരിയുമാക്കി മാറ്റി. ഇന്ന് സജ്‌ന ഷാജി പ്രതിദിനം 150-200 ഓളം ചിക്കന്‍ ബിരിയാണിയാണു പാചകം ചെയ്തു വില്‍ക്കുന്നത്. കാക്കനാടും കൊച്ചി നഗരത്തിലും പഴയ വാഹനത്തില്‍ കൊണ്ടു വന്നാണു വില്‍പ്പന നടത്തുന്നത്. ഒരു പൊതി ചിക്കന്‍ ബിരിയാണിക്ക് 60 രൂപയാണ് വില.

സജ്‌നയുടെ ബിരിയാണിക്ക് ആവശ്യക്കാരേറെയാണ്. കാരണം ആരെയും പിടിച്ചിരുത്തുന്ന രുചിയാണു ബിരിയാണിക്കുള്ളത്. മാത്രമല്ല, ഒരു പൊതി ബിരിയാണിയില്‍ അളവ് കൂടുതലുണ്ടെന്നു കസ്റ്റമേഴ്‌സും സാക്ഷ്യപ്പെടുത്തുന്നു.

ബിരിയാണി പാചകം ചെയ്യാന്‍ പഠിച്ചതു സ്വന്തമായിട്ടാണ്. മുന്‍പു ഹോട്ടലില്‍ ജോലി ചെയ്ത പരിചയം സജ്‌നയ്ക്കു മുതല്‍ക്കൂട്ടായി ഉണ്ടായിരുന്നു. ബാക്കിയെല്ലാം ഒരു ആത്മവിശ്വാസത്തിന്റെ പുറത്തായിരുന്നു ചെയ്തത്. ബിരിയാണി പാചകം ചെയ്ത് ആദ്യം അയല്‍വാസികള്‍ക്കാണു കൊടുത്തത്. സജ്‌നയുടെ ബിരിയാണി രുചിച്ചു നോക്കിയവര്‍ എല്ലാം ഗുഡ് സര്‍ട്ടിഫിക്കെറ്റ് കൊടുത്തു. അതോടെ ബിരിയാണി പാചകം ചെയ്ത് വില്‍പ്പന നടത്താനും തീരുമാനിക്കുകയായിരുന്നു.

രുചിയുടെ പിന്നിലുള്ള രഹസ്യം വെളിപ്പെടുത്താന്‍ സജ്‌ന ഇപ്പോള്‍ തയാറല്ല. അത് ഒരു ട്രേഡ് സീക്രട്ടായി തന്നെ നിലനില്‍ക്കട്ടെയെന്നാണു സജ്‌ന പറയുന്നുത്.സജ്‌നാസ് ഇലപ്പൊതി ബിരിയാണി എന്നാണു സജ്‌നയുടെ ബിരിയാണിയുടെ ബ്രാന്‍ഡ് നെയിം. നല്ല പച്ച വാഴയില വാട്ടി അതില്‍ ബിരിയാണി പായ്ക്ക് ചെയ്താണു കസ്റ്റമേഴ്‌സിന് നല്‍കുന്നത്.

പാവം മൊഞ്ചത്തിയെന്ന പേരില്‍ ടിക് ടോക്കിലുള്ള സജ്‌ന ആദ്യകാലങ്ങളില്‍ ബിരിയാണി വഴിയോരങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നത് ടിക് ടോക്കിന്റെ സഹായത്തോടെയായിരുന്നു. ബിരിയാണി വില്‍പ്പന നടത്താന്‍ ഉദ്ദേശിക്കുന്ന വഴിയോരത്ത് എത്തിയതിനു ശേഷം ടിക് ടോക്കില്‍ ലൈവിലെത്തും സജ്‌ന. ലൈവിലെത്തുന്നതോടെ 5000 ത്തോളം പേരിലേക്ക് എത്തുകയും ചെയ്യുമായിരുന്നു. ഇതിലൂടെ പലരും സജ്‌നയുടെ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ബിരിയാണി വാങ്ങാനെത്തുമായിരുന്നു. എന്നാലിപ്പോള്‍ ടിക് ടോക്ക് നിരോധിച്ചതോടെ ആ വിപണന സാധ്യത ഇല്ലാതായി. എങ്കിലും മെല്ലെ പഴയ പോലെ കച്ചവടം തിരിച്ചുപിടിക്കാന്‍ സജ്‌നയ്ക്കു സാധിക്കുന്നുണ്ട്.

കാക്കനാട് ചിറ്റേത്തുകര, എറണാകുളം മറൈന്‍ഡ്രൈവ് ഉള്‍പ്പെടെ മൂന്നു സ്ഥലങ്ങളിലാണ് ഇപ്പോള്‍ സജ്‌ന ബിരിയാണി വില്‍പന നടത്തുന്നത്. കച്ചവടം മെച്ചപ്പെടുകയാണെങ്കില്‍ ഭാവിയില്‍ കൂടുതല്‍ ഭക്ഷണ വിഭവങ്ങള്‍ പാചകം ചെയ്ത് വിപണിയിലെത്തിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നു സജ്‌ന പറഞ്ഞു.

കാക്കനാട് വാഴക്കാലയിലാണു സജ്‌ന താമസിക്കുന്നത്. പതിമൂന്ന് വര്‍ഷം മുന്‍പാണു സജ്‌ന എറണാകുളത്ത് എത്തിച്ചേര്‍ന്നത്. കോട്ടയം സ്വദേശിയായ സജ്‌ന ആണ്‍കുട്ടിയായിട്ടാണു ജനിച്ചതെങ്കിലും 13ാം വയസിലാണു ട്രാന്‍സ് ജെന്‍ഡറാണെന്നു തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സമൂഹത്തിന്റെ പരിഹാസത്തില്‍ മനം നൊന്തു വീടുവിട്ട് ഇറങ്ങി. കുറേക്കാലം ജോലിക്കായി അലഞ്ഞു. ഇതിനിടെ ട്രെയ്‌നില്‍ ഭിക്ഷാടനം നടത്തി, ഹോട്ടലില്‍ ജോലിക്കുനിന്നു, എറണാകുളത്ത് ജെന്റ്‌സിനുള്ള ഹോസ്റ്റല്‍ നടത്തി. ഏറ്റവുമൊടുവില്‍ ഫുഡ് ഡെലിവറി കമ്പനിയില്‍ ഡെലിവറി ജോലിയും ചെയ്തു. പക്ഷേ, ലോക്ക്ഡൗണ്‍ വന്നതോടെ ജോലി നഷ്ടപ്പെട്ടു. അങ്ങനെയാണു പാചകത്തിലേക്കും ബിസിനസിലേക്കും തിരിഞ്ഞത്. സഹായത്തിനായി നാല് സുഹൃത്തുക്കളും ചേര്‍ന്നു. മെല്ലെയാണെങ്കിലും സജ്‌ന ബിസിനസിലൂടെ വരുമാനം നേടി തുടങ്ങി.

ലോക്ക്ഡൗണില്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ടു നിലയില്ലാ കയത്തില്‍ മുങ്ങുന്നവര്‍ സജ്‌നയെ കണ്ടു പഠിക്കേണ്ടതാണ്. അതിജീവനം എങ്ങനെയൊക്കെ സാധ്യമാണെന്നു സജ്‌നയുടെ ജീവിതത്തിലൂടെ കാണിച്ചു തരികയാണ്.

സജ്‌നയുടെ ജീവിതത്തെ കുറിച്ച് ഹരീഷ് എന്നൊരു തമിഴ് സംവിധായകന്‍ ഡോക്യുമെന്ററി പിടിക്കാനിരിക്കുകയാണ്. ടിക് ടോക്കിലൂടെയാണു സജ്‌നയെ കുറിച്ച് ഹരീഷ് അറിയാനിടയായത്. നേരത്തെ പരിണാമം എന്നൊരു ഷോര്‍ട്ട് ഫിലിം സജ്‌നയെ കുറിച്ച് ഷൂട്ട് ചെയ്തിരുന്നു. ഇത് യൂ ട്യൂബില്‍ ലഭ്യമാണ്.

Summary: Sajna Shaji survive during lockdown.

Share this