Royal Enfeild Bullet 1989 model

റിയാസും എന്‍ഫീല്‍ഡും റോയലാണ്

Feature

കൊച്ചി: തിരക്കേറിയ കൊച്ചി നഗരനിരത്തിലൂടെ റിയാസ് റോയല്‍ എന്‍ഫീല്‍ഡ് ഓടിച്ചു പോകുമ്പോള്‍ ആരും ഒന്നു നോക്കിപ്പോകും. കാരണം എന്‍ഫീല്‍ഡ് റോയലായതു കൊണ്ടു മാത്രമല്ല, 1989 മോഡല്‍ ഡീസല്‍ എന്‍ജിനുള്ള എന്‍ഫീല്‍ഡ് ബുള്ളറ്റ് പുതിയ മോഡലില്‍നിന്നും വേറിട്ടു നില്‍ക്കുന്നതു കൊണ്ടു കൂടിയാണ്.

മ്യൂസിക് സെറ്റ്, മൊബൈല്‍ ചാര്‍ജര്‍, വെള്ളം വഹിക്കുന്ന ജെറി കാന്‍, ട്രാവലേഴ്‌സ് ബാഗ്, ടൂള്‍ കിറ്റ്, എമര്‍ജന്‍സി ലോക്ക്, എക്‌സ്ട്രാ ഹോണ്‍ തുടങ്ങിയവയൊക്കെ എന്‍ഫീല്‍ഡിലുണ്ട്.

ഇതൊക്കെ റിയാസ് ഘടിപ്പിച്ചത് പകിട്ട് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടിയല്ല. മൊബൈല്‍ പഞ്ചര്‍ സേവനത്തിലൂടെ ഉപജീവനം നടത്തുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തില്‍ വാഹനം സജ്ജമാക്കിയെടുത്തത്.

അഞ്ച് വര്‍ഷത്തിലേറെയായി ഈ എന്‍ഫീല്‍ഡ് ഉപയോഗിച്ചാണ് റിയാസ് പഞ്ചര്‍ സേവനം നല്‍കുന്നത്. നഗരത്തില്‍ എവിടെ നിന്നും ഫോണ്‍ കോള്‍ വന്നാലും റിയാസ് നിമിഷനേരം കൊണ്ട് എന്‍ഫീല്‍ഡില്‍ പറന്നെത്തും. ഇടയ്ക്കിടെ ലോങ് ട്രിപ്പ് പോകുന്നവരുടെ കൂടെ ബാക്ക് അപ്പ് ആയും റിയാസ് പോകാറുണ്ട്. എന്‍ഫീല്‍ഡ് ബുള്ളറ്റ് പുതിയതായി വാങ്ങുന്നവര്‍ക്കായി കമ്പനി ആഴ്ചകളില്‍ ട്രിപ്പ് സംഘടിപ്പിക്കാറുണ്ട്. അവര്‍ക്കൊപ്പം ഈ എന്‍ഫീല്‍ഡിലാണ് റിയാസ് പോകുന്നത്. കമ്പം, തേനി, വേളാങ്കണ്ണി ഉള്‍പ്പെടെയുള്ള തമിഴ്‌നാട്ടിലെ വിവിധ കേന്ദ്രങ്ങളില്‍ റിയാസ് ബാക്ക് ആപ്പ് ആയി പോയിട്ടുണ്ട്.

ഇതിനു പുറമേ യമഹ, ജാവ പോലുള്ള വിന്റേജ് ബൈക്ക് ഉടമകളുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന ട്രിപ്പിനൊപ്പവും റിയാസ് പോകാറുണ്ട്. സമീപകാലത്ത് റിയാസ് ഹീറോയുടെ എക്‌സ്പള്‍സ്എന്ന ടൂവീലര്‍ സ്വന്തമാക്കുകയുണ്ടായി. ഓഫ് റോഡ് ട്രിപ്പിന് ഏറ്റവും നല്ല ബൈക്കാണിതെന്നു റിയാസ് പറയുന്നു. ഇപ്പോള്‍ ദൂരെ സ്ഥലങ്ങളില്‍ ട്രിപ്പിനു പോകുമ്പോള്‍ എക്‌സ്പള്‍സ് ബൈക്കാണ് ഉപയോഗിക്കുന്നതെന്നും റിയാസ് പറയുന്നു. എന്‍ഫീല്‍ഡ് ഡീസല്‍ എന്‍ജിനായതിനാല്‍ ഉദ്ദേശിച്ച പിക്ക് അപ്പ് കിട്ടാറില്ല. മാത്രമല്ല, എക്‌സ്ട്രാ ഫിറ്റിംഗുകള്‍ ഘടിപ്പിച്ചിരിക്കുന്നതിനാല്‍ ട്രിപ്പിനൊപ്പമുള്ളവരുടെ ഒപ്പം ഓടിയെത്താന്‍ പലപ്പോഴും സാധിക്കാറില്ലെന്നും റിയാസ് പറയുന്നു. അതിനാല്‍ ഇപ്പോള്‍ നഗരത്തിനുള്ളില്‍ മാത്രമാണ് എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നത്.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുമ്പാണ് റിയാസ് 35,000 രൂപയ്ക്ക് എന്‍ഫീല്‍ഡ് സ്വന്തമാക്കിയത്. അപ്പോള്‍ സാധാരണ രൂപത്തിലായിരുന്നു. പിന്നീട് സ്വന്തം ഐഡിയയില്‍ റിയാസ് എക്‌സ്ട്രാ ഫിറ്റിംഗുകള്‍ ഘടിപ്പിക്കുകയായിരുന്നു. ഈ വാഹനത്തിന്റെ പ്രത്യേകത കണ്ട് ഇഷ്ടപ്പെടുന്നവര്‍ പലരും കൊടുക്കുന്നോ എന്ന് റിയാസിനോട് ചോദിക്കാറുണ്ട്. പക്ഷേ, പണിയായുധം പോലെ വാഹനത്തെ കണക്കാക്കുന്നതിനാല്‍ അവരോടൊക്കെ റിയാസ് വലിയൊരു നോ പറയും. ഗള്‍ഫില്‍നിന്നും പോലും വാഹനം കൊടുക്കുന്നുണ്ടോ എന്നു ചോദിച്ച് വിളിവരാറുണ്ടെന്ന് റിയാസ് പറയുന്നു.

എന്‍ഫീല്‍ഡ് സ്വന്തമാക്കിയ ആദ്യകാലങ്ങളില്‍ എംജി റോഡിലൂടെയും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലൂടെയും ഓടിച്ചു പോകുമ്പോള്‍ ചിലരൊക്കെ ലോങ് ട്രിപ്പ് സഞ്ചരിക്കുന്നയാളാണെന്നു തെറ്റിദ്ധരിച്ച് എവിടേക്കാണ് യാത്ര എന്ന് റിയാസിനോടു ചോദിക്കാറുണ്ടായിരുന്നു.

ഡീസല്‍ എന്‍ജിനാണെങ്കിലും വാഹനത്തിന് ഇതുവരെ വലിയ പണിയൊന്നും വന്നിട്ടില്ലെന്ന് റിയാസ് പറയുന്നു. ഒരു ലിറ്റര്‍ ഡീസല്‍ അടിച്ചാല്‍ 60 കിലോമീറ്ററിലേറെ മൈലേജും കിട്ടാറുണ്ട്.

കൊച്ചിയില്‍ ലിസി ആശുപത്രിക്കു സമീപം കൊട്ടേക്കനാല്‍ റോഡിലാണ് റിയാസ് താമസിക്കുന്നത്. ഭാര്യ നിഷയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് റിയാസിന്റെ താമസം. റിയാസിനെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ 99953 98264 എന്ന നമ്പറില്‍ ബന്ധപ്പെടുക. riyas7390 എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ എക്കൗണ്ടുമുണ്ട്.

Summary: Riyas and his Royal Enfeild Bullet is special.

Share this