Mother Teresa Rememberance

കാരുണ്യത്തിന്റെ കൃപാകടാക്ഷം

Feature

(വിശുദ്ധ മദര്‍ തെരേസയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ലേഖകന്റെ അനുഭവങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്)

ലോകത്ത് ഒരു പുണ്യചരിതയുടെയും പാദങ്ങള്‍ ഇത്രത്തോളം കണ്ണുനീരാല്‍ കഴുകപ്പെട്ടിട്ടുണ്ടാവില്ല. കൊടുംയാതനകളുടെ നിണം പുരണ്ട ദയാരഹിതമായ ഇരുണ്ട കോണുകളില്‍ നിന്നുയരുന്ന നിലവിളി കേട്ട് കരുണാര്‍ദ്രമായ സ്‌നേഹവായ്പിന്റെ, വേവലാതി പൂണ്ട തിടുക്കത്തിന്റെ ഏന്തലോടെ ദീനദയാലുവായ ഒരു അര്‍പ്പിത ശുശ്രൂഷകയും ഭൂമിയില്‍ ഇത്രയും ദൂരം നടന്നിട്ടുണ്ടാവില്ല. ഭൂമുഖത്തെ വന്‍കരകളിലെയും ഭൂപടങ്ങളില്‍ പോലും തെളിയാത്ത ഉപഭൂഖണ്ഡങ്ങളിലെയും ശാപഗ്രസ്തമായ എത്രയെത്ര നരകകൂപങ്ങളാണ് ആ പാദസ്പര്‍ശമേറ്റ് ദൈവകരുണയുടെ അഭയനിലങ്ങളായി മാറിയത്! പവിത്രീകരണശക്തിയുള്ള സഹാനുഭൂതിയിലും സഹനത്തിലും ആക്കംകൊണ്ട കാല്‍ച്ചുവടുകള്‍. രാഷ്ട്രത്തിന്റെ പരമോല്‍കൃഷ്ട ആദരത്തിന്റെ പ്രതീകമായ ദേശീയ പതാകയുടെ രാജകീയ ഗരിമയില്‍ തൊട്ടുരുമ്മുമ്പോഴും താഴ്മയുടെ പരമപദം പുല്‍കി മദര്‍ തെരേസയുടെ സ്വര്‍ഗാഭിമുഖമായി ലേശം വക്രിച്ചുചാഞ്ഞ പാദങ്ങള്‍ ഇതാ അനാവൃതമായി ചില്ലുപേടകത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്നു.

ആ പാദാന്തികത്തില്‍ വന്ദിച്ചുനില്‍ക്കുമ്പോള്‍, വിലാപത്തിന്റെ മൗന ജാഗരണത്തിലെ ധ്യാനമന്ത്രം പോലെ മദറിന്റെ വചനങ്ങള്‍ ഉരുക്കഴിക്കുകയായിരുന്നു മനസ്. ജീവിതത്തില്‍ പലവട്ടം എന്നെ തൊട്ട് അനുഗ്രഹിച്ചിട്ടുള്ള മദറിന്റെ ജപമാലയേന്തിയ കരങ്ങള്‍ പതാകയ്ക്കടിയില്‍ പാതിമറഞ്ഞിരിക്കുന്നു. നീലക്കരയുള്ള സാരിത്തലപ്പു ചുറ്റിയ ആ മുഖത്തെ വാത്സല്യം തുടിക്കുന്ന ചുളിവുകള്‍ അപ്രത്യക്ഷമായിരുന്നു. സ്വര്‍ഗത്തിന്റെ സ്‌നിഗ്ധലാവണ്യമിയന്നവണ്ണം അലൗകിക ശോഭയില്‍ ആ ധന്യ മുഖം വിളങ്ങി. പുണ്യദര്‍ശനത്തിന്റെ അപരിമേയമായ കൃപയില്‍ ഹൃദയത്തിന്റെ വിങ്ങലടങ്ങുകയായിരുന്നു.

കല്‍ക്കട്ട നഗരകേന്ദ്രത്തിലെ പാര്‍ക്ക് സ്ട്രീറ്റിനു തൊട്ടടുത്തുള്ള മിഡില്‍ടണ്‍ റോയില്‍ സെന്റ് തോമസ് ദേവാലയത്തില്‍ പൊതുദര്‍ശനത്തിനു വച്ച മദര്‍ തെരേസയുടെ പൂജനീയ ഭൗതിക ശരീരം ഉപചാരപൂര്‍വം രാഷ്ട്രത്തിനു വേണ്ടി ഇന്ത്യന്‍ സൈന്യം ഏറ്റുവാങ്ങി മഞ്ചത്തിന്മേല്‍ വിലങ്ങനെ ദേശീയ പതാക നെടുനീളം വിരിച്ചിരിക്കയായിരുന്നു. അതിനു മീതെയായിരുന്നു ദീര്‍ഘചതുര ചില്ലുപേടകം. 1997 സെപ്റ്റംബര്‍ അഞ്ചിന് വെള്ളിയാഴ്ച രാത്രി ദൈവത്തിന്റെ പക്കലേക്കു വിളിക്കപ്പെട്ട മദര്‍ തെരേസയുടെ ഭൗതിക ശരീരം ശനിയാഴ്ച മദര്‍ ഹൗസില്‍ പൊതുദര്‍ശനത്തിനു വച്ച് ഞായറാഴ്ച രാവിലെയാണ് ലോരേറ്റോ ഹൗസ് സ്‌കൂള്‍ വളപ്പിലെ ചെറിയ ആരാധനാലയത്തിലേക്കു മാറ്റിയത്. സെപ്റ്റംബര്‍ 13ന് ശനിയാഴ്ച രാവിലെ സംസ്‌കാര ശുശ്രൂഷയ്ക്കും അനുസ്മരണ ചടങ്ങിനുമായി നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലേക്ക് രാഷ്ട്രത്തിന്റെ ഔദ്യോഗിക ബഹുമതിയുടെ ഭാഗമായ സൈനിക അകമ്പടിയില്‍ പ്രൗഢോജ്വല ഉപചാരനിഷ്ഠകളോടെ വിലാപയാത്രയായി കൊണ്ടുപോകും വരെ മഞ്ചം സെന്റ് തോമസ് പള്ളിക്കകത്തുതന്നെയായിരുന്നു.

മൂന്നു വരകളുടെ നീലക്കരയുള്ള തൂവെള്ള സാരി കാരുണ്യശുശ്രൂഷയുടെ ആഗോള ബ്രാന്‍ഡായി ലോകം തിരിച്ചറിയാന്‍ ഇടയാക്കിയ മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെ ഉല്പത്തിക്കു പിന്നിലെ മദര്‍ തെരേസയുടെ ദിവ്യദര്‍ശനത്തിന്റെ വാര്‍ഷികം ‘പ്രചോദന ദിന’മായി എംസി സന്യാസിനികള്‍ ആചരിക്കുന്ന സെപ്റ്റംബര്‍ 10ന് ആണ് കൊച്ചി മൂലങ്കുഴി കരുണാലയത്തിലെ മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സിന്റെ റീജണല്‍ സുപ്പീരിയറായിരുന്ന ബ്രദര്‍ ദേവസ്യയുടെ ചെറുസംഘത്തോടൊപ്പം ഞാനും കല്‍ക്കട്ടയിലെത്തിയത്. ഞങ്ങള്‍ സെന്റ് തോമസ് പള്ളിയിലെത്തിച്ചേര്‍ന്നപ്പോഴേക്കും പാതിരാവിനോടടുത്തിരുന്നു. വൈകുന്നേരം ഏഴിന് പൊതുദര്‍ശനം അവസാനിപ്പിച്ച് പള്ളിയിലേക്കുള്ള ഗേറ്റ് അടച്ചുപൂട്ടി സൈനികര്‍ പാറാവുനില്‍ക്കുകയാണ്. വിജിലിനും ആരാധനയ്ക്കുമായി ഏതാനും സിസ്റ്റര്‍മാരും പ്രോട്ടോകോളിലെ സെന്റിനല്‍ ഡ്യൂട്ടിക്കു നില്‍ക്കുന്ന മൂന്ന് സൈനിക ഓഫിസര്‍മാരും മാത്രമാണ് പള്ളിക്കകത്തുണ്ടായിരുന്നത്. എംസി ബ്രദര്‍മാരുടെ ആശ്രമശ്രേഷ്ഠനാണ് സാധാരണ പാന്റ്‌സും ഷര്‍ട്ടും ധരിച്ച് നെഞ്ചത്ത് ചെറിയൊരു കുരിശുരൂപം പിന്‍ ചെയ്തിട്ടുള്ള ബ്രദര്‍ ദേവസ്യ എന്ന് പരിചയക്കാരിയായ എംസി സിസ്റ്റര്‍ ആന്‍ഡ്രിയ (ഡോക്ടറായിരുന്നു ഈ ജര്‍മന്‍കാരി) സാക്ഷ്യപ്പെടുത്താനുണ്ടായിരുന്നതു കൊണ്ടുമാത്രം ഞങ്ങള്‍ക്ക് അകത്തു കടക്കാനായി.

യാമപ്രാര്‍ഥനയുടെ ചരണങ്ങളും ജപങ്ങളും ഇടയ്ക്ക് പതിഞ്ഞ ഈണത്തില്‍ ചൊല്ലുന്നത് ഒഴിച്ചാല്‍ സിസ്റ്റര്‍മാര്‍ ധ്യാനനിമഗ്നരായിരുന്നു. ദുഃഖാര്‍ത്തരായി കണ്ണീര്‍വാര്‍ക്കുന്ന ആരെയും കണ്ടില്ല എന്നത് അതിശയകരമായി തോന്നി. മദര്‍ സ്വര്‍ഗസൗഭാഗ്യത്തിലേക്കു കരേറ്റപ്പെട്ടിരിക്കുന്നു എന്ന ഉത്തമബോധ്യത്തില്‍ അവര്‍ കണ്ണുനീര്‍ തുടച്ചതാണെന്ന് വ്യക്തമാകാന്‍ കുറച്ചുനേരമെടുത്തു.

ശാരീരിക അവശതകള്‍ വകവയ്ക്കാതെ തനിക്ക് ഏറെ പ്രിയപ്പെട്ട കേരളത്തില്‍ അവസാന സന്ദര്‍ശനം നടത്തി എറണാകുളത്തെ ആരാധനമഠ ചാപ്പലില്‍ നിന്ന് വില്ലിംഗ്ടണ്‍ ഐലന്‍ഡിലെ വിമാനത്താവളത്തിലേക്കു മടങ്ങാനൊരുങ്ങി നിന്ന മദറിനോട് സുജനമര്യാദ പാലിക്കാന്‍ മറക്കുന്ന പത്രക്കാരന്റെ ശൈലിയില്‍ ചോദിച്ചത് അനുതാപത്തോടെ ഒരിക്കല്‍ കൂടി ഓര്‍ത്തുപോയി: മദര്‍, കേരളത്തിന് മദറിന്റെ ‘അന്തിമ’ സന്ദേശം എന്താണ്?

മദറിന്റെ ‘അന്ത്യാഭിലാഷം’ എന്ന മട്ടില്‍ പിറ്റേന്നത്തെ പത്രത്തിന്റെ ഒന്നാം പേജില്‍ വളരെ പ്രാധാന്യത്തോടെ ആ ചോദ്യത്തിനുള്ള മദറിന്റെ മറുപടി റിപ്പോര്‍ട്ടു ചെയ്തിരുന്നു. ‘എത്ര പാവങ്ങളാണ് ഈ കൊച്ചി നഗരത്തില്‍ ഒരു നേരത്തെ ആഹാരം കിട്ടാതെ വിശന്നുവലയുന്നത്! ഇവിടെ എത്ര ഹോട്ടലുകളില്‍ ഉപയോഗിക്കപ്പെടാത്ത ഭക്ഷണം വെറുതെ കുപ്പത്തൊട്ടിയില്‍ കളയുന്നുണ്ട്? അത് ശേഖരിച്ച് പാവങ്ങള്‍ക്കു കൊടുത്തുകൂടേ?” ഏതാനും ഹോട്ടല്‍ ഉടമകളും വ്യാപാരി-വ്യവസായി സംഘടനയുടെ പ്രാദേശിക നേതാക്കളില്‍ ചിലരും ഒന്നു രണ്ടു പൗരപ്രമുഖരും മദറിന്റെ നിര്‍ദേശം നടപ്പാക്കുന്നതിനുള്ള ഏതു നീക്കത്തിനും പിന്തുണ നല്‍കാമെന്ന പത്രപ്രസ്താവന ഇറക്കാന്‍ തിടുക്കം കാട്ടി. എന്നാല്‍ അതിന് പ്രായോഗിക കര്‍മപദ്ധതിക്കു രൂപം നല്‍കാന്‍ കഴിയാതെപോയി. സെന്റ് തോമസ് ദേവാലയത്തില്‍ നേരം പുലരുവോളം നീണ്ട ജാഗരണത്തിനിടെ ഓര്‍ത്തും പേര്‍ത്തുമെടുത്ത ഇത്തരം വീഴ്ചകളുടെ ഏറ്റുപറച്ചില്‍ ക്ഷമയോടെ കേട്ട് ഊറിച്ചിരിച്ചുകൊണ്ട് മദര്‍ പതിവുപോലെ ആശീര്‍വദിച്ചു തരാന്‍ മതാവിന്റെ അദ്ഭുത കാശുരൂപമോ ദൈവകരുണയുടെ കൊന്തയോ തപ്പുകയാകുമോ സ്വര്‍ഗത്തിലും!

എംസി സമൂഹ അംഗങ്ങളല്ലാത്ത സാധാരണക്കാരായ മറ്റാര്‍ക്കെങ്കിലും മദറിന്റെ പൂജ്യ പാദാന്തികത്തില്‍ ഇത്രയേറെ നേരം ധ്യാനിച്ചിരിക്കാന്‍ ഭാഗ്യം ലഭിച്ചുകാണില്ല. അത് വാഴ്ത്തപ്പെട്ട ആ രാവിന്റെ സുകൃതപുണ്യം!

പുലര്‍ച്ചെ പള്ളിയില്‍ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴേക്കും മിഡില്‍ടണ്‍ റോ ക്രോസിംഗും കവിഞ്ഞ് പാര്‍ക്ക് സ്ട്രീറ്റിലും കമാക് സ്ട്രീറ്റിലും റസല്‍ സ്ട്രീറ്റിലും മിര്‍സ ഗാലിബ് സ്ട്രീറ്റിലുമായി പൂച്ചെണ്ടുകളും ഹാരങ്ങളും മദറിന്റെ ചിത്രവും സ്‌നേഹവചസുകള്‍ കുറിച്ച കാര്‍ഡുകളും ഭാവനാത്മകമായി മെനഞ്ഞെടുത്ത വിവിധ തരം ഉപഹാരങ്ങളുമൊക്കെയായി കുട്ടികളും യുവാക്കളും സ്ത്രീകളും പ്രായംചെന്നവരും ഉള്‍പ്പെടെ സമൂഹത്തിലെ സമസ്ത വിഭാഗങ്ങളിലും നിന്നുള്ളവരുടെ നീണ്ടനിര രൂപപ്പെട്ടുകഴിഞ്ഞിരുന്നു. മദറിനെ അവസാനമായി കണ്ടുവണങ്ങി അനുഗ്രഹം തേടാനായി വിവിധ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെയുംകൊണ്ട് അധ്യാപകര്‍ എത്തുന്നുണ്ടായിരുന്നു. ക്യൂ നിയന്ത്രിക്കാനും ഗതാഗതതടസം ഒഴിവാക്കാനും സുരക്ഷാ നിരീക്ഷണത്തിനുമൊക്കെയായി കല്‍ക്കട്ട സിറ്റി പോലീസ്, ബംഗാള്‍ ആംഡ് പോലീസ്, ഈസ്റ്റേണ്‍ ഫ്രോണ്ടിയര്‍ റൈഫിള്‍സ് എന്നിവയുടെ ഏതാനും കമ്പനികളും വോളന്റിയര്‍മാരും ഓരോ പോയിന്റിലേക്കും നീങ്ങുകയാണ്. പൊതുദര്‍ശനത്തിന്റെ അവസാന ദിനമാണിന്ന്.

ബംഗാള്‍ തീരത്തെ മണ്‍സൂണ്‍ കാലത്ത് നനഞ്ഞും തെളിഞ്ഞും മൂടിക്കെട്ടിയും നിന്ന വിലാപത്തിന്റെ പകല്‍. മണിക്കൂറുകളോളം ക്ഷമയോടെ ക്യൂവില്‍ മന്ദഗതിയില്‍ നീങ്ങിയെത്തിയവരെ ചിട്ടയായി സൈനികര്‍ മദറിന്റെ മഞ്ചത്തിനരികിലൂടെ കടത്തിവിട്ടുകൊണ്ടിരിക്കെ വിദേശത്തുനിന്നുള്ളവരടക്കം അതിവിശിഷ്ട വ്യക്തികളും സഭാമേലധ്യക്ഷന്മാരും വൈദികശ്രേഷ്ഠരും നയതന്ത്രജ്ഞരും ജനപ്രതിനിധികളും സംഘടനാ നേതാക്കളും പുഷ്പചക്രങ്ങളും പ്രാര്‍ഥനാമഞ്ജരികളും അര്‍പ്പിക്കാനായി അനുക്രമം വന്നുകൊണ്ടിരുന്നു. അള്‍ത്താരയില്‍ മെഴുകുതിരികള്‍ ജ്വലിച്ചുനിന്നു. പലതരം തിരുവസ്ത്രങ്ങളണിഞ്ഞ കാര്‍മികര്‍ തങ്ങളുടെ വിശ്വാസപാരമ്പര്യങ്ങളുടെ വൈവിധ്യമാര്‍ന്ന ശുശ്രൂഷാപ്രാര്‍ഥനകള്‍ അര്‍പ്പിച്ചു. ചില അമ്മമാര്‍ കൈക്കുഞ്ഞങ്ങളെ ഉയര്‍ത്തിപ്പിടിച്ച് വോളന്റിയര്‍മാരെ ഏല്പ്പിച്ച് അവരെ മദറിന്റെ മഞ്ചത്തില്‍ തൊടുവിപ്പിക്കാന്‍ ശ്രമിച്ചു. പൂക്കളും മാലകളും മറ്റ് ഉപഹാരങ്ങളും മദറിന്റെ മഞ്ചത്തില്‍ തൊടുവിച്ച് ഭക്ത്യാദരപൂര്‍വം വണക്കത്തിനായി വീട്ടിലേക്കു കൊണ്ടുപോകുന്നവരുടെ മതമോ ജാതിയോ ആരും തിരക്കിയില്ല. പള്ളിക്കകത്ത് അവശേഷിച്ച പുഷ്പചക്രങ്ങളും ഹാരങ്ങളും നീക്കം ചെയ്യാന്‍ കല്‍ക്കട്ട കോര്‍പറേഷന്‍ പ്രത്യേക ട്രക്കുകള്‍ എത്തിച്ചിരുന്നു.

മാധ്യമങ്ങളുടെ നിര്‍ദയ വേട്ടയ്ക്കിരയായി പാരീസില്‍ കാറപകടത്തില്‍ മരിച്ച ബ്രിട്ടനിലെ രാജകീയ റൊമാന്റിക് ദുരന്ത നായിക ഡയാന രാജകുമാരിയുടെ സംസ്‌കാരശുശ്രൂഷയുടെ തലേന്നായിരുന്നു മദര്‍ തെരേസയുടെ ദേഹാന്തം. (മദര്‍ ഹൗസില്‍ അവസാന നാളില്‍ വീല്‍ചെയറിലിരുന്ന മദറിന്റെ കൈയില്‍ ഡയാനയുടെ ഫോട്ടോ കണ്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. കല്‍ക്കട്ട സെന്റ് പോള്‍സ് കത്തീഡ്രലില്‍ പിറ്റേന്ന് ഡയാനയുടെ അനുസ്മരണശുശ്രൂഷയില്‍ മദര്‍ പങ്കെടുക്കേണ്ടതായിരുന്നു.) ലണ്ടനില്‍ ഡയാനയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത ലോക നേതാക്കളില്‍ പലരും മദര്‍ തെരേസയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കല്‍ക്കട്ടയിലെത്തുമെന്നായിരുന്നു സൂചന. ‘എന്നും എന്നോട് ഏറ്റവുമടുത്തുനില്‍ക്കുന്നതായി എനിക്കു തോന്നുന്ന ധീര വനിത’ എന്ന് മദര്‍ തെരേസയെ വിശേഷിപ്പിക്കാറുള്ള വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ കല്‍ക്കട്ടയില്‍ മദറിന്റെ സംസ്‌കാരശുശ്രൂഷയ്ക്ക് മുഖ്യകാര്‍മികനാകും എന്നാണ് മിക്കവരും പ്രതീക്ഷിച്ചത്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം പരിശുദ്ധ പിതാവിന് യാത്ര ചെയ്യാനാവില്ലെന്ന് കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഡോ. ഹെന്റി ഡിസൂസയെ അറിയിച്ചിരുന്നു. പരിശുദ്ധ സിംഹാസനത്തിന്റെ പ്രതിനിധിയായി വത്തിക്കാന്‍ ഭരണസംവിധാനത്തില്‍ രണ്ടാം സ്ഥാനം വഹിക്കുന്ന സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ ആഞ്ചലോ സൊദാനോയെയാണ് പാപ്പ നിയോഗിച്ചത്. കര്‍ദിനാള്‍ സൊദാനോ വെള്ളിയാഴ്ച കല്‍ക്കട്ടയിലെത്തി സെന്റ് തോമസ് ദേവാലയത്തില്‍ മദറിന്റെ പൂജ്യ ഭൗതിക ശരീരം ദര്‍ശിച്ച് ഒപ്പീസ് ചൊല്ലി. ഇറ്റാലിയന്‍ പസിഡന്റ് ഓസ്‌കര്‍ ലൂയിജി സ്‌കല്‍ഫാരോയും പത്‌നിയും, ഇറ്റലിയിലെ പലെര്‍മോയില്‍ നിന്നെത്തിയ മദറിന്റെ സഹോദരന്‍ ലാസറിന്റെ മകള്‍ അഗി ഗുത്തദൗരോയും പത്തു വയസുള്ള അവരുടെ മകനും, ഫ്രാന്‍സിലെ തെസെയില്‍ നിന്നെത്തിയ ബ്രദര്‍ റോജര്‍, അമേരിക്കന്‍ ഗോസ്പല്‍ ഗായിക മാര്‍ലിന്‍ എലിയാസ് (‘ആം ഐ മൈ ബ്രദേഴ്‌സ് കീപ്പര്‍’) തുടങ്ങിയവരും പ്രാര്‍ഥനയില്‍ പങ്കുചേര്‍ന്നു.

‘യു ഫെല്‍ ടു ദെയര്‍ ഹാര്‍ട്ട് വിത് ലൗവ് ആന്‍ഡ് പീസ്, ഓ മദര്‍ തെരേസ’ എന്നു പാടിയ കല്‍ക്കട്ടയുടെ പോപ് ഗായികയായ ഉഷാ ഉതുപ്പ്, ഹിന്ദി നടനും എംപിയുമായിരുന്ന സുനില്‍ ദത്ത്, ചിത്രകാരന്‍ എം.എഫ്. ഹുസൈന്‍, മുന്‍ മിസ് യൂണിവേഴ്‌സ് സുഷ്മിതാ സെന്‍, ചമ്പല്‍ക്കാടുകളെ വിറപ്പിച്ച കാട്ടുകൊള്ളക്കാരിയില്‍ നിന്ന് സമാജ്‌വാദി പാര്‍ട്ടി എംപിയായി രൂപാന്തരപ്പെട്ട ഫൂലന്‍ദേവി, കാഷ്മീരിലെ വിമത നേതാവ് ഷബീര്‍ ഷാ തുടങ്ങി ഏതെല്ലാം വ്യത്യസ്ത മണ്ഡലങ്ങളില്‍ നിന്നുള്ളവരാണ് മദറിനെ അവസാനമായി ഒരുനോക്കുകാണാനെത്തിയത്!

അഞ്ചു ദിവസം നീണ്ട പൊതുദര്‍ശനം വെള്ളിയാഴ്ച വൈകുന്നേരം 4.45ന് അവസാനിക്കുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. സൈനികര്‍ ഗേറ്റ് അടച്ചിട്ടും മിഡില്‍ടണ്‍ റോയിലും പാര്‍ക്ക് സ്ട്രീറ്റിലൂമായി ആയിരകണക്കിന് ആളുകള്‍ അന്ത്യദര്‍ശനത്തിന് അവസരം കാത്ത് തടിച്ചുകൂടി നിന്നു. സെപ്റ്റംബര്‍ ഏഴു മുതല്‍ 11 വരെ പ്രതിദിനം ഒരു ലക്ഷം പേര്‍ അന്ത്യദര്‍ശനത്തിന് എത്തിയെന്നാണ് കണക്ക്. പതിനാറ് കൂറ്റന്‍ കൂളിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന സംവിധാനം ഉപയോഗിച്ച് ചില്ലുപേടകത്തില്‍ സൂക്ഷിച്ചിരുന്ന മദറിന്റെ എംബാം ചെയ്ത ഭൗതിക ശരീരം ദിവസവും രണ്ടു നേരം പരിശോധിച്ചുവന്ന ഫോറന്‍സിക് മെഡിസിന്‍ പ്രഫസര്‍ കൂടിയായ സംസ്ഥാന ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. അപൂര്‍ബ നന്ദി, ബംഗാള്‍ ആഭ്യന്തര മന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, സംസ്ഥാന ചീഫ് സെക്രട്ടറി അനീഷ് മജുംദാര്‍, ഇന്ത്യന്‍ കരസേനയുടെ ബംഗാള്‍ മേഖല ജനറല്‍ ഓഫിസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് മേജര്‍ ജനറല്‍ ജിതേന്ദ്ര സിംഗ്, ഈസ്റ്റേണ്‍ കമാന്‍ഡ് ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ എ.ആര്‍.കെ. റെഡ്ഢി എന്നിവരും കല്‍ക്കട്ട അതിരൂപതയുടെയും മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിന്റെയും പ്രതിനിധികളും സംസ്‌കാരശുശ്രയോടനുബന്ധിച്ച് ദേശീയ ബഹുമതിയോടെയുള്ള പിറ്റേന്നത്തെ വിലാപയാത്രയ്ക്കും ആറു മണിക്കൂറോളം നീളുന്ന ചടങ്ങുകള്‍ക്കുമായി തുറന്ന മഞ്ചത്തില്‍ പൂജ്യ ഭൗതിക ദേഹം കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി. ബോംബെ അതിരൂപതയില്‍ നിന്ന് എത്തിച്ചതായിരുന്നു വെളുത്ത കോട്ടിംഗുള്ള അതിവിശിഷ്ട ശവമഞ്ചം.

കേന്ദ്ര സര്‍ക്കാരും ബംഗാളില്‍ കമ്യൂണിസ്റ്റ് നേതാവ് ജ്യോതി ബസു നയിക്കുന്ന ഇടതുപക്ഷ ഗവണ്‍മെന്റും ശനിയാഴ്ച മദര്‍ തെരേസയുടെ സംസ്‌കാരചടങ്ങു മുന്‍നിര്‍ത്തി ദുഃഖാചരണത്തിനായി പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ഒഴികെ സ്വതന്ത്ര ഭാരതത്തില്‍ ഔദ്യോഗിക പദവി വഹിക്കാത്ത മറ്റൊരാള്‍ക്കും നല്‍കാത്ത പൂര്‍ണ ദേശീയ ബഹുമതിയാണ് മദര്‍ തെരേസയുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി ഇന്ദര്‍ കുമാര്‍ ഗുജ്‌റാളിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണകൂടം പ്രഖ്യാപിച്ചത്. (അമേരിക്കന്‍ സെനറ്റും സംസ്‌കാരചടങ്ങിന്റെ ദിനത്തില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.)

ഇമ്പമാര്‍ന്ന വ്യാകുലതയോടെ പള്ളി മണികളും അടക്കിപ്പിടിച്ച വ്യസനത്തിന്റെ ആര്‍ത്തധ്വനിയോടെ മിലിട്ടറി ഡ്രമ്മുകളും മുഴങ്ങുന്നതിനിടെ ശനിയാഴ്ച രാവിലെ 8.50ന് സെന്റ് തോമസ് പള്ളിയിലെ ഉയര്‍ന്ന പീഠത്തില്‍ നിന്ന് വെള്ളിക്കുരിശും തിരിയും വഹിക്കുന്ന മൂന്ന് ശുശ്രൂഷകര്‍ക്കു പിന്നാലെ ചെമന്നു വിടര്‍ന്ന തലപ്പാവണിഞ്ഞ രാജപുത് റെജിമെന്റിലെ ജവാന്മാരുടെ അകമ്പടിയോടെ എട്ട് സൈനിക ഓഫിസര്‍മാര്‍ മദര്‍ തെരേസയുടെ ഭൗതിക ദേഹം 500 മീറ്റര്‍ അകലെ പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച് ഒരുക്കിയിരുന്ന പീരങ്കിവണ്ടിയിലേക്ക് സംവഹിച്ചു. ബ്രിട്ടീഷ് സൈന്യം 25 പൗണ്ടര്‍ പീരങ്കികള്‍ വഹിക്കാന്‍ ഉപയോഗിച്ചിരുന്ന ചരിത്രപ്രസിദ്ധമായ ഈ ഗണ്‍ കാര്യേജിലായിരുന്നു 1948ല്‍ മഹാത്മാഗാന്ധിയുടെയും 1964ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ചിതയിലേക്കുള്ള അന്ത്യയാത്ര.

ഗൂര്‍ഖ റെജിമെന്റ് ജവാന്മാര്‍ തോക്ക് തലകീഴായി പിടിച്ച് റിവേഴ്‌സ്ഡ് ആംസ് വന്ദനത്തില്‍ തല താഴ്ത്തി നിന്നു.

നീല സാരിത്തലപ്പിന്റെ പ്രഭാവലയത്തില്‍ പ്രശോഭിതമായ മുഖവും ജപമാലയോടൊപ്പം ചേര്‍ത്തുവച്ച കരങ്ങളും ദര്‍ശിക്കാനാവും വണ്ണം തുറന്നുവച്ച വെളുത്ത മഞ്ചത്തിന്റെ പാതിഭാഗം ദേശീയ പതാക കൊണ്ട് മുറുകെ ചുറ്റിപ്പൊതിഞ്ഞിരുന്നു.

ഗണ്‍ ക്യാരേജ് വലിക്കാനുള്ള തുറന്ന മിലിട്ടറി ഫീല്‍ഡ് ട്രാക്ടറില്‍ മിഷനറീസ് ഓഫ് ചാരിറ്റിയില്‍ മദര്‍ തെരേസയുടെ പിന്‍ഗാമിയായ സുപ്പീരിയര്‍ ജനറല്‍ സ്ിസ്റ്റര്‍ നിര്‍മല ജോഷി, ഫസ്റ്റ് കൗണ്‍സിലര്‍ സിസ്റ്റര്‍ ഫ്രെഡറിക്, മിഷനറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ് ജനറല്‍ സെര്‍വന്റ് ബ്രദര്‍ ജെഫ്, എംസി കണ്ടംപ്ലേറ്റീവ് ബ്രദേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ ഫാ. സെബാസ്റ്റ്യന്‍ വാഴക്കാല, എംസി ഫാദേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ ഫാ. ജോസഫ് ലാങ്‌ഫോര്‍ഡ് തുടങ്ങിയവരും ആറ് ഉന്നത സൈനിക ഉദ്യോഗസ്ഥരും മുഖാമുഖം ഇരുന്നു.

ഗണ്‍ കാര്യേജിന്റെ ഇരു പാര്‍ശ്വങ്ങളിലും മുന്‍പിലും പുറകിലുമായി പത്തു സൈനിക വാഹനങ്ങള്‍ക്കു പുറമെ, മദര്‍ ഏറെ സ്‌നേഹത്തോടെ ശുശ്രൂഷിച്ചിരുന്ന കല്‍ക്കട്ടയിലെ പാവപ്പെട്ടവരുടെ പ്രതിനിധികളായി നൂറ് അനാഥരും അഗതികളും, എംസി സമൂഹത്തിന്റെ ആരംഭഘട്ടം മുതല്‍ മദറിനോടൊപ്പം പ്രവര്‍ത്തിച്ച ഒന്‍പതുപേരടക്കമുള്ള എംസി സന്യാസിനികളും ഉള്‍പ്പെടെയുള്ളവര്‍ക്കായുള്ള പത്തു വാഹനങ്ങളാണ് വിലാപയാത്രയുടെ ഭാഗമായത്. പതിനെട്ട് ആര്‍മി ഓഫിസര്‍മാരും 18 അംഗ ആര്‍മി ബാന്‍ഡുവാദ്യസംഘവും 500 സൈനികരും മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങിയ ഗണ്‍ ക്യാരേജിനൊപ്പം വിലാപയാത്രയുടെ അഞ്ചു കിലോമീറ്റര്‍ വരുന്ന ആദ്യപാദത്തില്‍ മാര്‍ച്ച് ചെയ്തു. അനിയന്ത്രിതമായ തിക്കും തിരക്കും വികാരപ്രകടനങ്ങളും ഒഴിവാക്കാനായി മറ്റാരെയും അനുയാത്ര ചെയ്യാന്‍ സൈന്യം അനുവദിച്ചില്ല.

ബാരിക്കേഡ് ചെയ്ത വഴിയോരത്തു നിന്ന് കൂടുതല്‍ പേര്‍ക്ക് അന്ത്യദര്‍ശനം സാധ്യമാക്കുന്നതിന് വിലാപയാത്രയുടെ റൂട്ട് നീട്ടിയിരുന്നു. പാര്‍ക്ക് സ്ട്രീറ്റ്, ജവഹര്‍ലാല്‍ നെഹ്‌റു റോഡ്, ചൗരങ്കി റോഡ്, കത്തീഡ്രല്‍ റോഡ്, ക്യൂന്‍സ് വേ, കാസുറിന അവന്യു, കിദര്‍പുര്‍ റോഡ്, റെഡ് റോഡ്, റാണി റൊഷ്‌മൊനി അവന്യു, ഓക്‌ലന്‍ഡ് റോഡ് എന്നിവയിലൂടെ, വിക്ടോറിയ മെമ്മോറിയലും സെന്റ് പോള്‍സ് കത്തീഡ്രലും ഈഡന്‍ പാര്‍ക്കും ബ്രിട്ടീഷ് കോളനിവാഴ്ചയുടെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന വാസ്തുശില്പ-നാഗരിക ലാന്‍ഡ്‌സ്‌കേപ് പ്രതീകങ്ങളും പിന്നിട്ട് വിലാപയാത്ര നേതാജി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കും വരെ അന്ത്യദര്‍ശനത്തിന്റെ അനുഗ്രഹം തേടി ചാറ്റമഴയത്ത് ജനങ്ങള്‍ കാത്തുനിന്നു. നെഞ്ചത്തടിച്ച് ആര്‍ത്തലച്ച് വിലപിച്ചും, എല്ലാ വേലിക്കെട്ടുകളും തകര്‍ത്തെറിഞ്ഞും അണപൊട്ടിയൊഴുകുന്ന ദുഃഖത്തിന്റെ വിഭ്രാന്തമായ തള്ളിച്ചയില്‍ വലിയ നാടകീയരംഗങ്ങള്‍ പ്രതീക്ഷിച്ച മാധ്യമപ്രവര്‍ത്തകരെ നിരാശപ്പെടുത്തുംവണ്ണമാണ് കല്‍ക്കട്ടയിലെ സാധാരണക്കാരായ ജനങ്ങള്‍ അലിവിന്റെ, അന്‍പാര്‍ന്ന സ്‌നേഹത്തിന്റെ കാണപ്പെട്ട നാഥയായ ആ പുണ്യവതിയുടെ സ്വര്‍ഗത്തിലേക്കുള്ള കടന്നുപോക്കില്‍ ഭക്ത്യാദരവോടെ വണങ്ങി കൈകൂപ്പി നിന്നത്. ചിലയിടങ്ങളില്‍ മദറിന്റെ ചിത്രം വച്ച് പൂമാലയണിയിച്ച് മെഴുകുതിരികളും ചിരാതുകളും കത്തിച്ചുവച്ചിരുന്നു.

വിലാപയാത്രയുടെ തത്സമയ സംപ്രേഷണത്തിനായി ഇന്ത്യയുടെ ഔദ്യോഗിക ടിവി ചാനലായ ദൂരദര്‍ശനു മാത്രം സൈന്യം ആകാശവീക്ഷണത്തിന് ഹെലികോപ്റ്റര്‍ അനുവദിച്ചു. ബിബിസി, സിഎന്‍എന്‍ (വിഖ്യാത കമന്റേറ്റര്‍ ക്രിസ്റ്റ്യാന്‍ അമന്‍പോര്‍ നേരിട്ട് എത്തിയിരുന്നു), എബിസി, സിബിഎസ് തുടങ്ങിയ വിദേശ ഇലക്ട്രോണിക് മീഡിയ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ തത്സമയ സംപ്രേഷണത്തിന് സംവിധാനം ഒരുക്കിയിരുന്നു.

അവിസ്മരണീയമായ ഒരു വിശുദ്ധ ജീവിതത്തിന്റെ ഭൂമിയിലെ അവസാന രംഗത്തിനായി, നാലു കര്‍ദിനാള്‍മാരും 30 ആര്‍ച്ച്ബിഷപ്പുമാരും ബിഷപ്പുമാരും 170 ശ്രേഷ്ഠവൈദികരുമടക്കമുള്ള കാര്‍മികര്‍ പങ്കെടുക്കുന്ന തിരുക്കര്‍മങ്ങളുടെ ബലിപീഠവും പോഡിയവും 125 സന്യാസിനികളുടെ ഗായകഗണത്തിനായി ഉയര്‍ന്ന തട്ടുകളും ഒരുക്കി, 23 രാഷ്ട്രങ്ങളില്‍ നിന്നുള്ള അതിവിശിഷ്ട വ്യക്തികള്‍ക്കായി വിശേഷ കൗച്ചുകള്‍ നിരത്തി, ചെമന്ന പരവതാനി വിരിച്ച്, അമിതമായ ആര്‍ഭാട അലങ്കാരങ്ങളൊന്നുമില്ലാതെ സജ്ജമാക്കിയ പഴയ ടേബിള്‍ ടെന്നിസ് സ്റ്റേഡിയത്തിലേക്ക് 9.50ന് ചടങ്ങിന്റെ പവിത്രതയുടെയും ഗാംഭീര്യത്തിന്റെയും ഉജ്വല നിദര്‍ശനമായി മേജര്‍ ജനറല്‍ ജിതേന്ദര്‍ സിംഗിന്റെ നേതൃത്വത്തില്‍ ആറ് ഉന്നത സൈനിക ഓഫിസര്‍മാര്‍ മദറിന്റെ പൂജ്യ കാസ്‌കറ്റ് ഉപചാരനിഷ്ഠമായ ചുവടുവയ്പുകളോടെ സംവഹിച്ചു. മധ്യഭാഗത്തായി തറനിരപ്പില്‍ നിന്ന് മൂന്ന് അടി ഉയരത്തില്‍, തലഭാഗം ഉയര്‍ന്നിരിക്കാന്‍ പാകത്തില്‍ ഏഴടി നീളത്തിലും മൂന്നടി വീതിയിലും നിര്‍മിച്ച വെള്ളവിരിച്ച മഞ്ചകത്തിനു മീതെയാണ് പണ്യപേടകം വച്ചത്.

അമേരിക്കന്‍ വ്യോമസേനയുടെ അതിവിശിഷ്ട ജെറ്റില്‍ യുഎസ് കോണ്‍ഗ്രസിലെയും സെനറ്റിലെയും മുതിര്‍ന്ന പ്രതിനിധികള്‍ ഉള്‍പ്പെടെ 17 അംഗ ഔദ്യോഗിക സംഘത്തോടൊപ്പം ന്യൂയോര്‍ക്കില്‍ നിന്ന് മൂന്ന് എംസി സിസ്‌റ്റേഴിസനെയും കൂട്ടി കല്‍ക്കട്ടയിലേക്കു പറന്ന പ്രഥമ വനിത (പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്‌നി) ഹിലരി ക്ലിന്റണ്‍, ജോര്‍ദാനിലെ ഹുസൈന്‍ രാജാവിന്റെ പത്‌നി നൂര്‍ രാജ്ഞി, ബെല്‍ജിയത്തിലെ ഫബിയോള രാജ്ഞി, സ്‌പെയ്‌നിലെ സോഫിയ രാജ്ഞി, ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ പ്രതിനിധിയായി കെന്റിലെ ഡച്ചസ് കാതറിന്‍ ലൂഹ് മേരിയും ബ്രിട്ടീഷ് ഉപപ്രധാനമന്ത്രി ജോണ്‍ പ്രസ്‌കോട്ടും നയിച്ച ഒന്‍പതംഗ യുകെ സംഘം, ഫ്രഞ്ച് പ്രസിഡന്റിന്റെ പത്‌നി ബെര്‍ണദീത് ഷിറാക്, ഇറ്റലി പ്രസിഡന്റ് ഓസ്‌കര്‍ ലുയീജി സ്‌കല്‍ഫാരോ, അല്‍ബേനിയ പ്രസിഡന്റ് റെക്‌സ്‌ഹെപ് മെജ്ദാനി, അല്‍ബേനിയ മുന്‍ പ്രസിഡന്റ് സാലി ബെറീസ, റൊമേനിയ പ്രസിഡന്റ് എമില്‍ കോണ്‍സ്റ്റാന്റിനെസ്‌ക്യു, കാനഡ വൈസ് പ്രസിഡന്റ് പീറ്റര്‍ ജെന്നിംഗ്‌സ്, കാനഡ പ്രധാനമന്ത്രി ഴാങ് ക്രെഷിയെന്റെ പ്ത്‌നി അലീന്‍ ക്രെഷിയന്‍, ഫിലിപ്പീന്‍സ് മൂന്‍ പ്രസിഡന്റ് കൊറസോണ്‍ അക്വീനോ, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ക്ക് ഹസീന വാജിദ്, പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പ്രതിനിധിയായി വാര്‍ത്താവിനിമയ മന്ത്രി സയ്യിദ് മുഷാഹിദ് ഹുസൈന്‍, ഘാന പ്രസിഡന്റ് ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ജെറി റൗളിംഗ്‌സ്, ന്യൂസിലന്‍ഡ് മന്ത്രി ബില്‍ ഹീത്ത് എന്നിവരും, ജര്‍മനി, പോളണ്ട്, ദക്ഷിണ കൊറിയ, മാസിഡോണിയ, ഓസ്‌ട്രേലിയ, ബള്‍ഗേറിയ, ചെക് റിപ്പബ്ലിക്, സ്വീഡന്‍, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, വെനസ്വേല, അയര്‍ലന്‍ഡ്, സിംഗപ്പൂര്‍, പലസ്തീന്‍ ദേശീയ അഥോറിറ്റി തുടങ്ങിയവയുടെ പ്രതിനിധിസംഘങ്ങളും നയതന്ത്രജ്ഞരും ഇന്ത്യയുടെ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍, പത്‌നി ഉഷാ നാരായണന്‍, ഉപരാഷ്ട്രപതി കിഷന്‍ കാന്ത്, പ്രധാനമന്ത്രി ഐ.കെ. ഗുജ്‌റാള്‍, പത്‌നി ഷീല ഗുജ്‌റാള്‍, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി, ബംഗാള്‍ മുഖ്യമന്ത്രി ജ്യോതി ബസു, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ പത്‌നി സോണിയ ഗാന്ധി, മകള്‍ പ്രിയങ്ക, കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ സീതാറാം കേസരി തുടങ്ങിയവരോടൊപ്പം ബലിപീഠത്തിനു മുന്‍പില്‍ ഉപവിഷ്ടരായിരുന്നു.

മുഖ്യകാര്‍മികനായ കര്‍ദിനാള്‍ ആഞ്ജലോ സൊദാനോ, വത്തിക്കാനില്‍ സുവിശേഷപ്രചാരണ തിരുസംഘത്തിന്റെയും പൗരസ്ത്യ സഭകള്‍ക്കായുള്ള തിരുസംഘത്തിന്റെയും മുന്‍ പ്രീഫെക്ട് കര്‍ദിനാള്‍ സൈമണ്‍ ലൂര്‍ദ്‌സാമി, ബോംബെ ആര്‍ച്ച്ബിഷപ് എമരിറ്റസ് കര്‍ദിനാള്‍ സൈമണ്‍ പിമെന്റ, കാനഡ മോണ്‍ട്രിയോള്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഴാങ്-ക്ലോദ് ടര്‍കോട്ട്, ഇന്ത്യയിലെ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ജോര്‍ജ് സുര്‍, ആല്‍ബേനിയ ടിറാനയിലെ ആര്‍ച്ച്ബിഷപ് മിര്‍ദിത്ത റോക്, കല്‍ക്കട്ട ആര്‍ച്ച്ബിഷപ് ഹെന്റി ഡിസൂസ എന്നിവര്‍ക്കൊപ്പം ബംഗ്ലാദേശ്, ജര്‍മനി, അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍, ശ്രീലങ്ക, അമേരിക്ക തുടങ്ങി 14 രാജ്യങ്ങളില്‍ നിന്നുള്ള ബിഷപ്പുമാരും വൈദികരും സംസ്‌കാരശുശ്രൂഷയ്ക്ക് കാര്‍മികത്വം വഹിക്കാനായി തിരുവസ്ത്രങ്ങളണിഞ്ഞ് പ്രദക്ഷിണമായി ബലിപീഠത്തിങ്കലേക്കു നീങ്ങുമ്പോള്‍ എംസി സിസ്റ്റര്‍മാരുടെ ഗായകഗണം റേക്വിയം പാടിത്തുടങ്ങി.

‘വര്‍ക്‌സ് ഓഫ് ലൗവ് ആര്‍ വര്‍ക്‌സ് ഓഫ് പീസ്’ (സ്‌നേഹത്തിന്റെ പ്രവൃത്തികള്‍ സമാധാനത്തിന്റെ പ്രവൃത്തികളാകുന്നു) എന്ന് എഴുതിയ എംസി സമൂഹത്തിന്റെ മുഖമുദ്രയായ നീലയും വെള്ളയും ചേര്‍ന്ന വലിയ ബാനര്‍ ബലിപീഠത്തിനു പിന്നില്‍ ഉയര്‍ത്തിയിരുന്നു.

‘ഭാരതം മദറിന്റെ മഹത്വം തിരിച്ചറിഞ്ഞു, മദര്‍ ഭാരതത്തിന്റെയും. ഈ സംസ്‌കാരചടങ്ങ് ദൈവത്തോടുള്ള ഏറ്റവും വലിയ പ്രാര്‍ഥനയും നന്ദിപ്രകടനവുമായിരിക്കണമെന്നാണ് മദറിനെ ഏറ്റവും അടുത്തറിഞ്ഞിട്ടുള്ള ജോണ്‍ പോള്‍ പാപ്പ ആഗ്രഹിക്കുന്നത്,’ പരിശുദ്ധ പിതാവിന്റെ പ്രതിനിധിയായ കര്‍ദിനാള്‍ സൊദാനോ പാപ്പയുടെ സന്ദേശത്തിന് ആമുഖമായി പറഞ്ഞു.

‘സ്‌നേഹത്തിന്റെ സുവിശേഷം പൂര്‍ണമായും മദര്‍ ഉള്‍ക്കൊണ്ടു. അമര്‍ത്താന്‍ വഹിയാത്ത തന്റെ ആത്മവീര്യത്തിന്റെ ഓരോ അണുവിലും തന്റെ ദുര്‍ബല ശരീരത്തിലെ ഊര്‍ജത്തിന്റെ ഓരോ തന്തുവിലും അത് ഉള്‍ക്കൊണ്ടു. പൂര്‍ണഹൃദയത്തോടെയും തന്റെ കരങ്ങള്‍കൊണ്ട് അനുദിനമുള്ള കഠിനാധ്വാനത്തിലൂടെയും മദര്‍ അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. മതങ്ങളുടെയും സാംസ്‌കാരിക-വര്‍ഗ ഭിന്നതകളുടെയും സീമകള്‍ താണ്ടിയ മദര്‍ ലോകത്തെ പഠിപ്പിക്കുകയായിരുന്നു, സ്വീകരിക്കുന്നതിനെക്കാള്‍ കൂടുതല്‍ ധന്യമാണ് ദാനം ചെയ്യലെന്ന്.

‘വിശുദ്ധി, നന്മ, കരുണ, ഉപവി എന്നിവ ചരിത്രവേദിയില്‍ പ്രത്യക്ഷപ്പെടുമ്പോഴൊക്കെ ആദരിക്കപ്പെടാറുണ്ട്. ലോകത്തിലെ ദാരിദ്യത്തിന്റെ കാരണങ്ങള്‍ക്കെതിരെ പൊരുതുന്നതില്‍ മദര്‍ കൂടുതല്‍ എന്തെങ്കിലും ചെയ്യണമായിരുന്നു എന്ന ഒരു വിമര്‍ശനം ചില കോണുകളില്‍ നിന്ന് ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ‘നിങ്ങള്‍ ഹേതുക്കളും സിദ്ധാന്തങ്ങളും വിശദീകരണങ്ങളുമൊക്കെയായി തര്‍ക്കിച്ചുനില്‍ക്കുമ്പോള്‍, അവര്‍ക്കുവേണ്ടത് സ്‌നേഹമാണ്’ എന്നാവും നിസഹായതയില്‍ കൈകള്‍ വിടര്‍ത്തിക്കൊണ്ട് മദര്‍ അതിനോടു പ്രതികരിക്കുക. ലോകത്തിന് സര്‍വസമ്മതമായ ഉത്തമ പരിഹാരം കണ്ടെത്തുംവരെ നോക്കിനില്‍ക്കാന്‍ വിശക്കുന്നവര്‍ക്കു കഴിയില്ല. അവര്‍ക്കു വേണ്ടത് ഫലപ്രദമായ നടപടിയുടെ ഐക്യദാര്‍ഢ്യമാണ്. എല്ലാം തികഞ്ഞ സമത്വസുന്ദര ലോകത്തിനുവേണ്ടി കഴിഞ്ഞ 200 വര്‍ഷങ്ങളെങ്കിലുമായി യുട്ടോപ്പിയന്‍ സൈദ്ധാന്തികവാദികള്‍ ശ്രമിക്കുന്നു. എന്നാല്‍ ഇതിലൊന്നും തങ്ങളുടേതായ ഒരു മണ്ഡലമില്ലാത്തവര്‍ക്ക് – മരണാസന്നരും, അംഗവൈകല്യമുള്ളവരും, പ്രതിരോധശക്തിയില്ലാത്ത ജനിക്കാത്ത കുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള അശരണര്‍ക്ക് ആവശ്യം സ്‌നേഹത്തിന്റെ മനുഷ്യ സമീപ്യമാണ്, കരുതലിന്റെ ഒരു കരമാണ്.

‘പ്രിയപ്പെട്ട മദര്‍ തെരേസാ, വിശുദ്ധരുമായുള്ള ഐക്യത്തിന്റെ ആശ്വാസദായകമായ വിശ്വാസപ്രമാണം അവിടുത്തോട് ഇപ്പോള്‍ അത്യന്തം അടുപ്പം അനുഭവിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു. അവിടുന്നു കാണിച്ചുതന്ന തേജോമയമായ മാതൃകയെപ്രതി സഭ ഒന്നടങ്കം നന്ദി അര്‍പ്പിക്കുന്നു, അതു ഞങ്ങളുടെ പൈതൃകമായി കാത്തുസൂക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യുന്നു.

‘ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്കുവേണ്ടി ഞാന്‍ ഇന്ന് ഭൗതികതലത്തില്‍ അന്തിമ വിടചൊല്ലുന്നു; ലോകത്തിലെ പാവപ്പെട്ടവര്‍ക്കുവേണ്ടി അവിടുന്ന് ചെയ്തതിനൊക്കെയ്ക്കുമായി പരിശുദ്ധ പിതാവിന്റെ നാമത്തില്‍ ഞാന്‍ നന്ദി പറയുന്നു. യേശുവിന് ഏറെ പ്രിയപ്പെട്ടവരാണ് ഈ പാവങ്ങള്‍. ഭൂമിയില്‍ അവന്റെ വികാരിയായ നമ്മുടെ പരിശുദ്ധ പിതാവിനും അവര്‍ ഏറ്റവും പ്രിയങ്കരരാണ്. അദ്ദേഹത്തിന്റെ പേരിലാണ് ഞാന്‍ ഇന്ന് അവിടുത്തെ ശവമഞ്ചത്തില്‍ ഞങ്ങളുടെ അഗാധമായ കൃതജ്ഞതയുടെ രത്‌നം അര്‍പ്പിക്കുന്നത്. പ്രിയപ്പെട്ട മദര്‍ തെരേസാ, നിത്യശാന്തി!’ – കര്‍ദിനാള്‍ സൊദാനോ അനുസ്മരണ സന്ദേശം ഇങ്ങനെ ഉപസംഗ്രഹിച്ചു.

ഇംഗ്ലീഷിലായിരുന്നു അനുസ്മരണബലി. ഗായകഗണം ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാളിയിലും പ്രാര്‍ഥനാഗീതങ്ങള്‍ ആലപിച്ചു; മൂന്നു ഭാഷകളിലും വിശുദ്ധഗ്രന്ഥ പാരായണവുമുണ്ടായി. എംസി സമൂഹത്തിലെ സിസ്റ്റര്‍ ക്ലെയര്‍ പഴയ നിയമത്തിലെ ജ്ഞാനത്തിന്റെ പുസ്തകത്തില്‍ നിന്ന് ഒന്നാം വായന നിര്‍വഹിച്ചു. വിശുദ്ധ മത്തായിയുടെ സുവിശേഷം അഞ്ചാം അധ്യായത്തില്‍ നിന്ന് സുവിശേഷഭാഗ്യങ്ങളുടെ ഭാഗം കര്‍ദിനാള്‍ പിമെന്റ വായിച്ചു.

കാഴ്ചവയ്പ്പിന് ഒഴിഞ്ഞ കാസ അള്‍ത്താരയില്‍ സമര്‍പ്പിച്ച എംസി സുപ്പീരിയര്‍ ജനറല്‍ മദര്‍ നിര്‍മല പ്രാര്‍ഥിച്ചു: ‘ഈ ഒഴിഞ്ഞ കാസയിലൂടെ നാഥാ, ഞങ്ങളുടെ ഹൃദയത്തിലെ ശൂന്യത ഞങ്ങള്‍ അങ്ങയ്ക്കു സമര്‍പ്പിക്കുന്നു. മദര്‍ തെരേസയുടെ അരൂപിയുടെ പൂര്‍ണതയില്‍ ഞങ്ങളെ നിറയ്‌ക്കേണമേ. മനുഷ്യജീവന്റെ അനര്‍ഘതയിലൂന്നിയ മദറിന്റെ ദര്‍ശനം ജീവിതത്തില്‍ പകര്‍ത്തിക്കാട്ടാനുള്ള കൃപ ഞങ്ങള്‍ക്കു നല്‍കേണമേ. ദൈവം ലോകത്തെ അത്രമേല്‍ സ്‌നേഹിച്ചതിനാല്‍ നമുക്ക് തന്റെ പുത്രനായ യേശുവിനെ നല്‍കി. യേശുവാകട്ടെ ലോകത്തിലെ പാവപ്പെട്ടവരില്‍ ഏറ്റവും പാവപ്പെട്ടവരെ അത്രമേല്‍ സ്‌നേഹിക്കുന്നതിനാല്‍ നമുക്ക് നമ്മുടെ അമ്മയെ, കല്‍ക്കട്ടയിലെ മദര്‍ തെരേസയെ, തന്നു.’

മദര്‍ തെരേസയുടെ ഏറ്റവും പ്രിയപ്പെട്ട നിസ്വഗണത്തിന്റെ പ്രതിനിധികളായി ഒരു കുഷ്ഠരോഗി ബലിയര്‍പ്പണത്തിനുള്ള വീഞ്ഞും, ജയില്‍വിമുക്തയായ സ്ത്രീ വെള്ളവും, അംഗപരിമിതന്‍ അപ്പവും കാഴ്ചവച്ചു.

മുഖ്യകാര്‍മികനും സഹകാര്‍മികരായ കര്‍ദിനാള്‍മാരും ആര്‍ച്ചു്ബിഷപ്പുമാരും ദിവ്യബലിക്കൊടുവില്‍ മദറിന്റെ ഭൗതിക ശരീരം വിശുദ്ധ ജലം തളിച്ച് ആശീര്‍വദിച്ചു. തിരുക്കര്‍മങ്ങളുടെ സമാപനത്തോടെ എക്യുമെനിക്കല്‍-സര്‍വമത പ്രാര്‍ഥനയുടെയും അനുസ്മരണ സന്ദേശത്തിന്റെയും ഘട്ടമായി. ആംഗ്ലിക്കന്‍ സഭയുടെ പ്രതിനിധിയില്‍ നിന്നു തുടങ്ങി ഹൈന്ദവ, ഇസ്‌ലാമിക, സിക്ക്, ബൗദ്ധ, ജൈന, പാര്‍സി പ്രാര്‍ഥനകളിലൂടെ സമ്പുഷ്ടമായ ആധ്യാത്മിക ചൈതന്യത്തിന്റെ സാര്‍വത്രിക ഭാവം. തുടര്‍ന്ന് ഔപചാരികമായ അന്ത്യാഞ്ജലിയര്‍പ്പണ ചടങ്ങ് ആരംഭിച്ചു. അല്‍ബേനിയ പ്രസിഡന്റാണ് ആദ്യത്തെ പുഷ്പചക്രം സമര്‍പ്പിച്ചത്. ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ രാഷ്ട്രപതി മലയാളിയായ കെ.ആര്‍. നാരായണനും. രണ്ടു സൈനികര്‍ നീണ്ട ചുവടുകള്‍ വച്ച് മാര്‍ച്ചുചെയ്തുവന്ന് ഓരോ അതിവിശിഷ്ടാതിഥിക്കും പുഷ്പചക്രം കൈമാറി. 59 പുഷ്പചക്രങ്ങള്‍ ഇങ്ങനെ മദറിന്റെ പാദാന്തികത്തില്‍ സമര്‍പ്പിക്കപ്പെട്ടു. ദുഃഖസാന്ദ്രമാകേണ്ട ചടങ്ങിനിടെ അപ്രതീക്ഷിതമായി വിദേശ പ്രതിനിധികളുടെ ഭാഗത്തുനിന്ന് കരഘോഷം മുഴങ്ങിയത് സ്‌റ്റേഡിയത്തിലുണ്ടായിരുന്ന 15,000 ആളുകളില്‍ ഇന്ത്യക്കാരായ ഭൂരിപക്ഷം പേരെയും അമ്പരിപ്പിച്ചുകാണും. ഹൃദയം നിറഞ്ഞ നന്ദിയും സ്‌നേഹവും ആദരവും അംഗീകാരവും പ്രകടിപ്പിക്കാനുള്ള ആ പാശ്ചാത്യശൈലി മദറിന് അത്ര വിചിത്രമായി തോന്നിയേക്കില്ല!

സ്റ്റേഡിയത്തില്‍ നിന്ന് ആചാര്യ ജഗദീശ് ചന്ദ്ര ബോസ് റോഡിലെ മദര്‍ ഹൗസിലേക്കുള്ള വിലാപയാത്രയുടെ ആറു കിലോമീറ്റര്‍ വരുന്ന അന്ത്യപാദത്തിലേക്ക് 1.20ന് പൂജ്യ മഞ്ചം സൈനിക ഓഫിസര്‍മാര്‍ പുറത്തേക്ക് സംവഹിച്ചുകൊണ്ടുവന്നത് അടക്കിപ്പിടിച്ച് ഘനീഭവിച്ചുനിന്ന ദുഃഖം ഇറ്റുവീഴുംപോലുള്ള ചാറ്റമഴയിലേക്കാണ്. തുറന്ന പേടകം വീണ്ടും പീരങ്കിവണ്ടിയിലേക്കു വച്ചപ്പോള്‍ സുതാര്യമായ നേര്‍ത്ത പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് തെല്ലിട ആവരണം ചെയ്യേണ്ടിവന്നു.

മഹാനഗരത്തിന്റെ തെരുവോരങ്ങളില്‍ തങ്ങുന്ന, അവിടെ തിന്നാന്‍ എന്തെങ്കിലും കണ്ടെത്തി, കിടന്നുറങ്ങി, ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന അഞ്ചുലക്ഷം മനുഷ്യരെക്കുറിച്ച് എന്നും ആകുലചിത്തയായിരുന്ന മദര്‍ അവസാനമായി അവര്‍ക്കു ദര്‍ശനം നല്‍കി അനുഗ്രഹിച്ച് മദര്‍ ഹൗസിലേക്ക് മടങ്ങുകയാണ്. അത്രകണ്ട് പകിട്ടും പ്രതാപവുമില്ലാത്ത ചില ഭാഗങ്ങള്‍ പിന്നിട്ട് 2.20ന് മദര്‍ ഹൗസിലേക്കുള്ള ഇടവഴിയില്‍ നിന്ന് 400 മീറ്റര്‍ മാറി ഗണ്‍ കാര്യേജ് നിന്നു. എട്ടു സൈനിക ഓഫിസര്‍മാര്‍ മഞ്ചം ചുമന്ന് എ.ജെ.സി. ബോസ് റോഡ് 54എ എന്ന വിഖ്യാത വിലാസം കുറിച്ചിട്ട കവാടം കടന്ന് അവിടെ കാത്തുനിന്ന മിഷനറീസ് ഓഫ് ചാരിറ്റി സമൂഹത്തിലെ സന്യാസിനികള്‍ക്കും ബ്രദേഴ്‌സിനും കൈമാറി.

മദര്‍ ഹൗസിലെ പഴയ റെഫക്ടറി ഹാളില്‍ ഒരു വശത്തായി മദറിന്റെ കബറടക്കത്തിനായി നിലം പൊളിച്ച് കുഴിയുണ്ടാക്കി കോണ്‍ക്രീറ്റ് ചെയ്ത് സജ്ജമാക്കിയിരുന്നു. എംസി സമൂഹത്തിലെ അംഗങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും അവിടെ പ്രവേശനമുണ്ടായിരുന്നില്ല. ബ്രദര്‍ ദേവസ്യയുടെ സംഘത്തിലെ അംഗം എന്ന നിലയില്‍ ഹാളിനു സമീപമുള്ള കോണിപ്പടിയില്‍ കയറിനില്‍ക്കാന്‍ എനിക്കു കഴിഞ്ഞു. പ്രാര്‍ഥനാ ജപമന്ത്രങ്ങളോടെ 2.45ന് പൂജ്യ ഭൗതിക ശരീരം അടക്കം ചെയ്ത പെട്ടി കുഴിയിലേക്കിറക്കുമ്പോള്‍ പിന്നില്‍ നിന്ന് ഏങ്ങിക്കരഞ്ഞ സിസ്റ്റര്‍മാരുടെ തേങ്ങല്‍ കേട്ട് ഹൃദയം വിങ്ങി. ആ നിമിഷം പുറത്ത് എ.ജെ.സി. ബോസ് റോഡിലെ ട്രാം ട്രാക്കില്‍ നിലയുറപ്പിച്ചിരുന്ന 12 ജവാന്മാര്‍ ആകാശത്തേക്ക് മൂന്നു റൗണ്ട് ആചാരവെടി ഉതിര്‍ത്തു. പ്രകൃതി കണ്ണീര്‍വാര്‍ക്കും പോലെ അപ്പോഴേക്കും മഴ കനത്തു.

കുഴി നിറയ്ക്കാനുള്ള ചരലിനായി ഹുഗ്ലി നദീതീരത്തേക്കു പോയ എംസി ബ്രദര്‍മാര്‍ തിരിച്ചെത്തി തിടുക്കത്തില്‍ കുഴി മൂടി മുകളിലെ സ്ലാബ് ഉറപ്പിച്ച് അധികം വൈകാതെ കബറിടത്തില്‍ വണങ്ങി പ്രാര്‍ഥിക്കാന്‍ ഭാഗ്യമുള്ള ആദ്യ തീര്‍ഥാടകയായി അമേരിക്കയുടെ പ്രഥമ വനിത ഹിലരി ക്ലിന്റണ്‍ ഒരു മുന്നറിയിപ്പുമില്ലാതെ മദര്‍ ഹൗസിലേക്കു കയറിവന്നു.

അലിവിന്റെ നനവാര്‍ന്ന മണ്ണില്‍ നിന്ന് എന്റെ കണ്‍മുന്നില്‍ ഉയര്‍ന്ന പുത്തന്‍ കബറിടത്തിനരികെ ആത്മാവില്‍ എന്തോ വെമ്പലോടെ നിന്ന എന്റെ കൈക്കുമ്പിളിലേക്ക് മദറിന്റെ ഏതാനും അദ്ഭുത കാശുരൂപവും ജപമാലയും അമര്‍ത്തിവച്ചുതന്നത് ഏതു കാരുണ്യവതിയാണ്? മദറിന്റെ കബറിടത്തില്‍ സ്പര്‍ശിച്ച ആദ്യ അദ്ഭുത കാശുരൂപത്തിന്റെ അനുഗ്രഹസിദ്ധിയില്‍ ഹൃദയം തുടികൊട്ടുകയായിരുന്നു.

(മദര്‍ തെരേസ കനിവിന്റെ മാലാഖ എന്ന പുസ്തകത്തിന്റെ രചയിതാവായ ലേഖകന്‍ മലയാള മനോരമയില്‍ 22 വര്‍ഷം പത്രാധിപ സമിതി അംഗവും ദീര്‍ഘകാലം റിപ്പോര്‍ട്ടറും ഏറ്റവും ഒടുവില്‍ കോപ്പി എഡിറ്ററും എഡിറ്റോറിയല്‍ ട്രെയിനിംഗ് ഡപ്യൂട്ടി ഡയറക്ടറുമായിരുന്നു. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഗള്‍ഫ് ടുഡെ ഇംഗ്ലീഷ് പത്രത്തിന്റെയും ടൈംഔട്ട് വാരികയുടെയും ഫീച്ചര്‍ എഡിറ്ററായും, കൊച്ചിയില്‍ ദീപിക പത്രത്തിന്റെ ന്യൂസ് എഡിറ്ററായും പ്രവര്‍ത്തിച്ചു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ 1986-ലെ പ്രഥമ ഭാരതസന്ദര്‍ശനവേളയില്‍ വത്തിക്കാന്‍ അക്രെഡിറ്റേഷനുള്ള രാജ്യാന്തര മാധ്യമസംഘത്തില്‍ അംഗമായി പേപ്പല്‍ ഫ്ളൈറ്റില്‍ സഞ്ചരിച്ചു)

Share this