Vallarpadom church candle sellers

മഹാമാരി വിതച്ച ദുരിതത്തിലും മേരി അമ്മച്ചിക്ക് ദൈവം തുണ

Top Stories

കൊച്ചി: കോവിഡ്-19 ദുരിതം വിതച്ചെങ്കിലും മേരി അമ്മച്ചി പ്രതീക്ഷ കൈവിട്ടിട്ടില്ല. എല്ലാ ദുഖങ്ങളും ദുരിതങ്ങളും വല്ലാര്‍പാടത്ത് അമ്മയ്ക്കു മുമ്പില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. എല്ലാ ദുരിതങ്ങളും നാളെ അവസാനിക്കുമെന്നാണ് 70 പിന്നിട്ട അമ്മച്ചി പറയുന്നത്. വല്ലാര്‍പാടം പള്ളിയിലെത്തുന്ന തീര്‍ഥാടകര്‍ക്ക് മെഴുകു തിരി വില്‍ക്കുന്ന ജോലിയാണു മേരി അമ്മച്ചിക്ക്. തിരി വില്‍പ്പനയില്‍നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് അവര്‍ കഴിയുന്നത്.

കോവിഡ്-19 നെ തുടര്‍ന്നു മാര്‍ച്ച് മുതല്‍ ദേവാലയങ്ങളെല്ലാം അടച്ചിട്ടതോടെ അമ്മച്ചിയുടെ വരുമാനം നിലച്ചു. സമീപകാലത്ത് ലോക്ക്ഡൗണില്‍ ചില്ലറ ഇളവുകള്‍ അനുവദിച്ചതോടെ പള്ളിയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഭക്തരെത്തുന്നുണ്ട്. അതോടെ മേരി അമ്മച്ചി തിരി വില്‍പ്പനയും പുനരാരംഭിച്ചു.

വല്ലാര്‍പാടം പള്ളി പ്രമുഖ തീര്‍ഥാടന കേന്ദ്രമാണ്. നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ ഇവിടെ ആളുകളെത്തിച്ചേരാറുണ്ട്. അടിമ സമര്‍പ്പണത്തിനായിട്ടാണു പലരുമെത്തുന്നത്. പള്ളി ഇപ്പോഴും അടച്ചിട്ടിരിക്കുകയാണെങ്കിലും പുറത്ത് നിന്ന് പ്രാര്‍ഥിക്കാനുള്ള സൗകര്യമുണ്ട്. ഇവിടെയെത്തുന്ന പലരും മെഴുക് തിരി കത്തിച്ച് പ്രാര്‍ഥിച്ചതിനു ശേഷം മടങ്ങുകയാണു പതിവ്.

ശനി, ഞായര്‍ ദിവസങ്ങളില്‍ നല്ല പോലെ കച്ചവടം ചെയ്തിരുന്നതാണെന്നു മേരി അമ്മച്ചി പറയുന്നു. അതാണ് ഇല്ലാതായത്. എന്നാല്‍ ഇപ്പോള്‍ പതിയെ കച്ചവടത്തിന് ജീവന്‍ വച്ചുതുടങ്ങിയിട്ടുണ്ടെന്നും അവര്‍ പറയുന്നു.

മേരി അമ്മച്ചിയെ പോലെ നിരവധി പേര്‍ പള്ളി മുറ്റത്ത് കച്ചവടം ചെയ്ത് ജീവിച്ചിരുന്നു. അവരെല്ലാം പക്ഷേ, ഇപ്പോള്‍ കച്ചവടം അവസാനിപ്പിച്ചു. കോവിഡ് 19 ദോഷകരമായി ബാധിച്ചത് ഇത്തരത്തിലുള്ള ചെറുകിട കച്ചവടക്കാരെ കൂടിയാണ്.

Summary: The 70-year-old mother says all suffering will end.

Share this