Kakkanad Sainik Asram

കോവിഡ്-19 പ്രതിരോധത്തിലെ സൈനിക മാതൃക

Top Stories

കൊച്ചി: കോവിഡ്-19 നെ തുടര്‍ന്നു നാടെങ്ങും പ്രതിരോധത്തിലാണ് ഇപ്പോള്‍. മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചുമൊക്കെയാണ് പ്രതിരോധിക്കുന്നത്.

മഹാമാരിയായ കോവിഡ്-19 നെ കാക്കനാട് സൈനികാശ്രമം പ്രതിരോധിച്ചത് മാതൃകയാവുകയാണ്. 40 ഓളം അന്തേവാസികളുള്ള ആശ്രമം കോവിഡ്-19 നെ ഇതുവരെ ശക്തമായി തന്നെ പ്രതിരോധിച്ചു.

പ്രായമായ സൈനികരും അവരുടെ കുടുംബാംഗങ്ങളും താമസിക്കുന്ന സൈനിക ആശ്രമത്തിലെ ഏറ്റവും മുതിര്‍ന്ന അംഗമാണ് ടി.കെ. ഭാസ്‌ക്കരന്‍. 102 വയസുണ്ട്. രണ്ടാം ലോക മഹായുദ്ധ സേനാനിയാണു ഭാസ്‌ക്കരന്‍ ചേട്ടന്‍. തൃശൂര്‍ നാട്ടിക സ്വദേശിയാണ്. 1942 മുതല്‍ 1948 വരെയായിരുന്നു ബ്രിട്ടീഷ് ഇന്ത്യയുടെ സൈനികനായി സേവനമനുഷ്ഠിച്ചത്. ബര്‍മ, സിംഗപ്പൂര്‍, ശ്രീലങ്ക, ഇറാന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ സൈനിക സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പ്രായത്തില്‍ സെഞ്ച്വറി പിന്നിട്ടെങ്കിലും പട്ടാളച്ചിട്ട ഇപ്പോഴും കൈവിട്ടിട്ടില്ല ഭാസ്‌ക്കരന്‍ ചേട്ടന്‍. രാവിലെ ആറിന് എഴുന്നേല്‍ക്കും. തുടര്‍ന്നു ആശ്രമത്തിലെ കോംബൗണ്ടിനുള്ളില്‍ പത്ത് മിനിറ്റ് നേരം നടക്കും. പിന്നീട് ഏഴ് മണിയോടെ പ്രഭാത ഭക്ഷണവും കഴിക്കും. അതു കഴിഞ്ഞാല്‍ വിശ്രമിക്കും. സമീപത്ത് താമസിക്കുന്നവരുമായി കുശലാന്വേഷണം നടത്തിയും വര്‍ത്തമാനം പറഞ്ഞും സമയം ചെലവഴിക്കും. ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കും. സൈനിക ജീവിതത്തിനിടെ പഠിച്ചെടുത്തതാണ് ഭാഷകളെന്നു ഭാസ്‌ക്കരന്‍ ചേട്ടന്‍ പറഞ്ഞു. റേഡിയോ കേള്‍ക്കുന്ന ശീലവുമുണ്ട് ഭാസ്‌ക്കരന്‍ ചേട്ടന്.സൈനിക സേവനത്തിനിടെ വിശ്രമ വേളകളില്‍ റേഡിയോ കേള്‍ക്കുന്നത് പതിവായിരുന്നു.

ഉച്ചയ്ക്ക് ഒരു മണിയോടെ ഭക്ഷണം കഴിക്കും. ചോറോ, ചപ്പാത്തിയോയാണു സാധാരണയായി ഉച്ചഭക്ഷണമായി കഴിക്കുന്നത്. ചോറ് കഴിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നു ഭാസ്‌ക്കരന്‍ ചേട്ടന്‍ പറഞ്ഞു.

ശ്രീലങ്കന്‍ വംശജയായ റോസിയാണു ഭാര്യ. ഭാര്യ മരണപ്പെട്ടിട്ട് വര്‍ഷങ്ങളായി. രണ്ട് പെണ്‍മക്കളാണുള്ളത്. കുടുംബവുമായി ബന്ധമൊന്നുമില്ല.

കോവിഡ്-19 നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25 മുതല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ സൈനികാശ്രമം പൂര്‍ണമായും അടച്ചിട്ടു. പുറത്തുനിന്നുള്ള സന്ദര്‍ശകരെ ഒഴിവാക്കി. അതുപോലെ ആശ്രമത്തില്‍ കഴിയുന്നവര്‍ പുറത്തേയ്ക്കു പോകുന്നതും നിയന്ത്രിച്ചു. പട്ടാള ചിട്ട ശീലിച്ചവരായതിനാല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയപ്പോള്‍ അത് ആര്‍ക്കും ബുദ്ധിമുട്ടുള്ള കാര്യമായി തോന്നിയില്ല. സമീപകാലത്താണു നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചത്.

സൈനികാശ്രമത്തിലെ അന്തേവാസികള്‍ക്ക് സമയം ചെലവഴിക്കാന്‍ നിരവധി സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. മനോഹരമായ പൂന്തോട്ടം, മത്സ്യക്കുളങ്ങള്‍, ടിവി കാണാനും പത്രം വായിക്കാനും പ്രത്യേകം സജ്ജമാക്കിയ ഹാള്‍ എന്നിവയൊക്കെ അവയില്‍ ചിലതാണ്. ഇവിടെ കുറേ നാളുകള്‍ക്കു മുന്‍പ് അന്തേവാസികള്‍ക്കായി യോഗ നടത്തിയിരുന്നു. ചിരി യോഗയും അഭ്യസിപ്പിച്ചിരുന്നു.

സൈനികാശ്രമം

കാക്കനാട് കളക്ട്രേറ്റിനു സമീപമാണു സൈനികാശ്രമം. 1.06 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ആശ്രമത്തില്‍ വില്ലകളുണ്ട്. സൈനികരായി വിരമിച്ചവര്‍ക്കാണ് വില്ലകളില്‍ താമസം അനുവദിക്കുന്നത്. മഴവെള്ള സംഭരണികളിലൂടെ ശേഖരിക്കുന്ന വെള്ളം ട്രീറ്റ് ചെയ്ത് കുടിവെള്ളമായി മാറ്റിയെടുത്ത് വിപണനം ചെയ്ത് വരുമാനം കണ്ടെത്തുകയാണു സൈനികാശ്രമം. ക്ലൗഡ് ഡ്രോപ്‌സ് എന്ന പേരിലാണു വെള്ളം ബ്രാന്‍ഡ് ചെയ്ത് വില്‍പന നടത്തുന്നത്. ചെന്നൈ ഐഐടിയിലെ വിദഗ്ധരുടെ സാങ്കേതിക സഹായത്തോടെയാണു മഴവെള്ള സംഭരണികള്‍ നിര്‍മിച്ചത്.

സൈനികാശ്രമത്തിന്റെ നേതൃത്വം വഹിക്കുന്നത് കെ.ബി.ആര്‍ പിള്ളയാണ്. ഇദ്ദേഹം കേണലായി വിരമിച്ചയാളാണ്. സൈനികാശ്രമത്തില്‍ തന്നെയാണു കേണല്‍ പിള്ളയും കുടുംബവും താമസിക്കുന്നത്.

Summary: Sainik Asram successfully defended Covid-19.

Share this