Kakkanad Freedom Food

സാനിറ്റൈസര്‍, മാസ്‌ക്ക് വില്‍പ്പന: കാക്കനാട് ജില്ലാ ജയില്‍ നേടിയത് ലക്ഷങ്ങള്‍

Feature

കൊച്ചി: ലോക്ക്ഡൗണ്‍ തീര്‍ത്ത പ്രതിസന്ധിക്കിടയിലും സാനിറ്റൈസറിന്റെയും മാസ്‌ക്കിന്റെയും വില്‍പ്പന നടത്തിക്കൊണ്ട് കാക്കനാട് ജില്ലാ ജയില്‍ നേടിയത് ലക്ഷങ്ങളുടെ വരുമാനം. കഴിഞ്ഞ രണ്ട് മാസം കൊണ്ട് ഏകദേശം 12 ലക്ഷത്തിലേറെ രൂപയാണ് ഈ രണ്ട് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ മാത്രം ജില്ലാ ജയില്‍ നേടിയതെന്നു സൂപ്രണ്ട് കെ.വി. ജഗദീശന്‍ പറഞ്ഞു. കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് മാസ്‌ക് ധരിക്കുന്നതും സാനിറ്റൈസറും നിര്‍ബന്ധമാക്കിയതാ ണു ജില്ലാ ജയിലിനു നേട്ടമായത്.

കാക്കനാടും, കലൂരും, കച്ചേരിപ്പടിയിലും സ്ഥിതി ചെയ്യുന്ന ഔട്ട്‌ലെറ്റുകളിലാണു ജില്ലാ ജയില്‍ ഉല്‍പന്നങ്ങള്‍ വില്‍പ്പന നടത്തുന്നത്. ഇതിനു പുറമേ കൊച്ചി നഗരത്തിലുള്ള ഹൈക്കോര്‍ട്ട് ജംഗ്ഷനിലും, ഇരുമ്പനം ഭാഗത്തും രണ്ട് വാഹനങ്ങളിലായി ഉല്‍പന്നങ്ങള്‍ കൊണ്ടു നടന്നും വില്‍പ്പന നടത്തുന്നുണ്ട്. താരതമ്യേന മിതമായ നിരക്കിലുള്ളതാണു ജില്ലാ ജയിലിലെ വിഭവങ്ങളെന്നതാണ് എല്ലാവരേയും ആകര്‍ഷിക്കുന്ന ഘടകം. ചപ്പാത്തി പത്ത് എണ്ണത്തിന്റെ പാക്കറ്റിന് 20 രൂപയാണ്. ചിക്കന്‍ ബിരിയാണിക്ക് 65 രൂപ.

കഴിഞ്ഞ ഏതാനും മാസങ്ങളായി കളമശേരിയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ കോളേജിലുള്ള കോവിഡ് 19 പ്രത്യേക വാര്‍ഡിലേക്ക് ചപ്പാത്തി വിതരണം ചെയ്യുന്നത് കാക്കനാട് ജില്ലാ ജയിലില്‍ തയാറാക്കുന്ന ചപ്പാത്തിയാണ്. പ്രതിദിനം 40,000-ത്തിലേറെ ചപ്പാത്തി വിതരണം ചെയ്യുന്നുണ്ട്. കാക്കനാട് ജില്ലാ ജയിലിനോടു ചേര്‍ന്നുള്ള ഫ്രീഡം ഫുഡ് കൗണ്ടറിലാണു ഭക്ഷണങ്ങള്‍ ഏറ്റവുമധികം വിറ്റഴിക്കുന്നത്. ഇവിടെയുള്ള കൗണ്ടര്‍ രാവിലെ 6.30 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. രാത്രി ഏഴിനു കൗണ്ടര്‍ ക്ലോസ് ചെയ്യും.

രണ്ട് ഷിഫ്റ്റുകളിലായിട്ടാണു ജില്ലാ ജയിലില്‍ തടവുകാര്‍ ഭക്ഷണം പാചകം ചെയ്യുന്നത്. ചപ്പാത്തി, ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ കുറുമ, മുട്ട കറി, ചിക്കന്‍ കറി, ഉച്ചയ്ക്കുള്ള ഊണ് തുടങ്ങിയ ഭക്ഷണങ്ങള്‍ പാചകം ചെയ്യുന്നതിനു പുറമേ ജില്ലാ ജയിലില്‍ കുട, നെറ്റിപ്പട്ടം നിര്‍മാണം, പച്ചക്കറി കൃഷി, മത്സ്യക്കൃഷി എന്നിവയും വിജയകരമായി നടത്തുന്നുണ്ട്. കോവിഡ് 19 പ്രതിസന്ധി തീര്‍ത്തതോടെ വൈറസ് ബാധയുണ്ടാകുന്നത് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലാ ജയിലില്‍നിന്നും കുറേ തടവുകാരെ ശിക്ഷ ഇളവു ചെയ്ത് മോചിപ്പിച്ചിരുന്നു. ഇപ്പോള്‍ നൂറോളം തടവുകാര്‍ മാത്രമാണുള്ളത്. ജില്ലാ ജയിലില്‍ വനിതാ സെല്ലില്‍ കഴിയുന്നവരുമുണ്ട്. ഇവര്‍ സ്‌നാക്‌സ് ഐറ്റമാണു പാചകം ചെയ്യുന്നത്.

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്ത വാഹനം.

2018 ഒക്ടോബറിലാണ് കാക്കനാട് ജില്ലാ ജയിലിന്റെ സൂപ്രണ്ടായി കെ.വി.ജഗദീശനെത്തിയത്. ചപ്പാത്തി പോലെയുള്ള ഭക്ഷ്യവിഭവങ്ങളുടെ വില്‍പ്പനയില്‍ മാത്രം ഒതുങ്ങിയിരുന്ന പ്രവര്‍ത്തനങ്ങള്‍ വൈവിധ്യവത്കരിച്ചത് ജഗദീശാണ്. ഇന്ന് കുട നിര്‍മാണം, നെറ്റിപ്പട്ടം നിര്‍മാണം, ഡോഗ് ബ്രീഡിംഗ്, മത്സ്യകൃഷി, പച്ചക്കറി കൃഷി, മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ നിര്‍മാണത്തിലും വിപണനത്തിലും ജില്ലാ ജയില്‍ ഏര്‍പ്പെടുന്നു. ജില്ലാ ജയിലില്‍ ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ വാഹനത്തില്‍ കൊണ്ടു നടന്നു വില്‍പ്പന നടത്തുന്നതിനായി കഴിഞ്ഞയാഴ്ച കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഒരു വാഹനം സ്‌പോണ്‍സര്‍ ചെയ്യുകയുണ്ടായി.

കാക്കനാട് ജില്ലാ ജയില്‍ സൂപ്രണ്ട് കെ.വി. ജഗദീശന്‍

ജില്ലാ ജയിലിന്റെ നേതൃത്വത്തില്‍ നിര്‍ദ്ധനരായവര്‍ക്ക് സൗജന്യ ഭക്ഷണങ്ങളും വിതരണം ചെയ്യുന്നുണ്ട്. ഷെയര്‍ എ മീല്‍ പദ്ധതി പ്രകാരമാണ് ഇത്തരത്തില്‍ അനാഥ മന്ദിരങ്ങളിലും മറ്റു കേന്ദ്രങ്ങളിലും ഭക്ഷണം വിതരണം ചെയ്യുന്നത്. ജില്ലാ ജയിലിന്റെ ഷെയര്‍ എ മീല്‍ പദ്ധതിയില്‍ ആര്‍ക്കും പങ്കുചേരാവുന്നതാണ്. കാക്കനാടുള്ള കൗണ്ടറിലെത്തിയാല്‍ ഷെയര്‍ എ മീല്‍ പദ്ധതിക്കു വേണ്ടി പണം സംഭാവന ചെയ്യാവുന്നതാണ്. അപ്പോള്‍ ഒരു കൂപ്പണ്‍ നല്‍കും. ഇങ്ങനെ ലഭിക്കുന്ന സംഭാവന സ്വരൂപിച്ചതിനു ശേഷമാണു ഭക്ഷണ വിതരണം നടത്തുന്നത്.

Share this