Covid19 Kerala has reported 61 cases

ലോക്ക്ഡൗണ്‍ നാലാം ഘട്ടം 16ന് പ്രഖ്യാപിച്ചേക്കും

Top Stories

ന്യൂഡല്‍ഹി: ഈ മാസം 17ന് മൂന്നാം ഘട്ടം ലോക്ക്ഡൗണ്‍ അവസാനിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാലാം ഘട്ടം ലോക്ക്ഡൗണ്‍ സംബന്ധിച്ച കാര്യങ്ങള്‍ 16 ാം തീയതി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. മുന്‍പ് ലോക്ക്ഡൗണ്‍ പ്രഖ്യാപനം നടത്തിയ രീതിയില്‍നിന്നും വ്യത്യസ്തമായിരിക്കും നാലാമത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപനമെന്നും കരുതുന്നുണ്ട്. കഴിഞ്ഞ മൂന്ന് പ്രാവിശ്യവും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെങ്കില്‍ നാലാം ഘട്ടം പ്രഖ്യാപിക്കുമ്പോള്‍ അതു ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. പകരം പുതിയ മാര്‍ഗനിര്‍ദേശങ്ങളായിരിക്കും പുറപ്പെടുവിക്കുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയമായിരിക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക.
മാര്‍ച്ച് 25-നായിരുന്നു ലോക്ക്ഡൗണ്‍ ആദ്യമായി രാജ്യത്ത് പ്രഖ്യാപിച്ചത്. ഏപ്രില്‍ 14 വരെയായിരുന്നു ആദ്യ ഘട്ട ലോക്ക്ഡൗണ്‍. പിന്നീട് അത് മേയ് മൂന്നിലേക്ക് നീട്ടി. അതിനു ശേഷം 17 ലേക്കും നീട്ടി.

ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ വ്യാപാര വാണിജ്യ രംഗത്ത് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. നാലാം ഘട്ടത്തില്‍ മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ പോലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് മുന്നോട്ടു പോകാനാണു തീരുമാനിക്കുന്നത്. ഗ്രീന്‍ സോണായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ഗതാഗതം പുനസ്ഥാപിക്കല്‍, വ്യവസായങ്ങളുടെ നടത്തിപ്പ് എന്നിവ സംബന്ധിച്ചു സംസ്ഥാനങ്ങള്‍ക്കു കേന്ദ്രത്തില്‍നിന്ന് ഇളവ് നല്‍കുമെന്നും സൂചനയുണ്ട്. അതിജീവനം എന്നതിനേക്കാള്‍ പുനരുജ്ജീവനത്തിന് പ്രാധാന്യം നല്‍കാനാണ് ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

Summary: Fourth phase lockdown to be announced on May 16.

Share this